അടിമാലി: ജില്ലയിൽ തെരുവുനായ് ശല്യം രൂക്ഷമായി തുടരുമ്പോഴും പ്രതിരോധ നടപടികളിൽ അനിശ്ചിതത്വം തുടരുന്നു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ എ.ബി.സി കേന്ദ്രം പോലും ഇല്ല. വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ മാത്രമാണ് പ്രധാനമായി നടക്കുന്നത്. സെപ്റ്റംബർ ഒന്നിന് തുടങ്ങിയ വാക്സിനേഷനിൽ ഇതുവരെ 19,543 വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് നൽകിയെന്നാണ് അധികൃതരുടെ കണക്ക്. പരിശീലനം ലഭിച്ചവർ ഈ കാലയളവിൽ പിടികൂടിയ 93 തെരുവുനായ്കൾക്കും വാക്സിനേഷൻ നൽകി.
തെരുവുനായ്ക്കളെ പിടിക്കാൻ 60 പേർക്ക് പരിശീലനം നൽകിയെങ്കിലും ജില്ലയിൽ എ.ബി.സി കേന്ദ്രം ഇല്ലാത്തതിനാൽ പരിശീലനം ലഭിച്ചവർക്കും തൊഴിലില്ല. ജില്ലയിൽ മൂന്നാർ, നെടുങ്കണ്ടം, കാലോനി, കെ. ചപ്പാത്ത് എന്നിവിടങ്ങളിലാണ് കേന്ദ്രം തുറക്കാൻ തീരുമാനിച്ചത്. എന്നാൽ, നെടുങ്കണ്ടത്ത് മാത്രമാണ് പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയത്. 2016-17 സാമ്പത്തിക വർഷം ആയിരത്തിലധികം തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിരുന്നു.
കോവിഡ് വന്നതോടെ ഇത് നിലച്ചു. സർക്കാർ പ്രഖ്യാപിച്ച നാല് എ.ബി.സി കേന്ദ്രങ്ങൾ ഉടൻ തുറക്കണമെന്നാണ് ആവശ്യം. എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്നതാണ് സ്ഥിതി. അക്രമസ്വഭാവമുള്ള നായ്ക്കളെ സംരക്ഷിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തോറും കേന്ദ്രം തുടങ്ങാനുള്ള പദ്ധതിയും വിജയം കാണുന്നില്ല. ഉചിതമായ സ്ഥലം കിട്ടാത്തതാണ് പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.