ഇടുക്കി: ജില്ലയിലെ ആരോഗ്യ മേഖലയിൽ നിയമനത്തിനും സ്ഥലംമാറ്റത്തിനും ലൈസൻസിനും കാണേണ്ടവരെ കാണേണ്ട പോലെ കണ്ടാലേ കാര്യം നടക്കൂ എന്ന് വ്യാപക പരാതി. ജില്ലക്ക് പുറത്തുനിന്നുള്ളവരാണ് ഇടുക്കിയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ഏറെയും. നിയമനം കിട്ടി ഏറെ വൈകും മുമ്പു തന്നെ ഇവർ അവധിയെടുത്തോ സ്ഥലം മാറ്റം വാങ്ങിയോ പോകുന്നത് മറയാക്കിയാണ് അഴിമതി വാഴുന്നത്.
ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥർ അടക്കം പലർക്കും ഇതിൽ അതൃപ്തിയുണ്ടെങ്കിലും ഈ സംഘത്തിന്റെ സ്വാധീനം ഭയന്ന് പുറത്തു പറയാൻ മടിക്കുകയാണെന്ന് അവർ തന്നെ സമ്മതിക്കുന്നു. ഇതിനെതിരെ ആരോഗ്യ വകുപ്പ് ഉന്നതർക്കു ചിലർ രഹസ്യമായി പരാതി നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച ചിലരുടെ നേതൃത്വത്തിൽ സ്ഥലം മാറ്റത്തിനും താൽക്കാലിക നിയമനത്തിനുമായി ഇടനിലക്കാരുടെ സംഘം പ്രവർത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർ സ്ഥലം മാറുകയോ അവധിയെടുത്ത് പോകുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുകയാണ് പതിവ്. ഈ സ്ഥാനങ്ങളിൽ നിയമനം കിട്ടണമെങ്കിലും കാേണണ്ടവരെ കണ്ടേ മതിയാകൂ എന്നതാണ് അവസ്ഥയെന്ന് ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാണിക്കുന്നു.
ഇതിനു പുറമെയാണ് കോഴി - പന്നി ഫാമുകൾക്കും റിസോർട്ടുകൾക്കും ലൈസൻസ് സംഘടിപ്പിച്ച് കൊടുക്കുന്നതിനും ഇടനിലക്കാർ പ്രവർത്തിക്കുന്നത്. ലാബുകളുടെ പ്രവർത്തനാനുമതിക്ക് എൻ.ഒ.സിക്ക് അപേക്ഷിച്ചാലും ‘കൈമടക്ക്’ കൊടുക്കാൻ മടിച്ചാൽ മുട്ടാപ്പോക്കുകൾ പറഞ്ഞ് വട്ടംകറക്കലാണ് ഉദ്യോഗസ്ഥ തലത്തിലെ ചിലരുടെ സ്ഥിരം പരിപാടി എന്ന് ലാബുടമകൾ തന്നെ പറയുന്നു. ചില ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായെങ്കിലും സ്വാധീനം ഉപയോഗിച്ച് അവരെല്ലാം ഊരിപ്പോകുന്നതിനാൽ പരാതിപ്പെടാനും മടിയാണെന്നാണ് ലാബുടമകളിൽ ചിലർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.