കുമളി: ടൗണും പരിസരവും പൂർണമായി കാമറ നിരീക്ഷണത്തിലായതോടെ വാഹനങ്ങളിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 'പണി' കിട്ടിത്തുടങ്ങി. കുമളി ടൗണിൽ സംസ്ഥാന അതിർത്തി ബസ്സ്റ്റാൻഡ് പരിസരം, തേക്കടിക്കവല, രണ്ട് കിലോമീറ്റർ അകലെ ചെളിമടകവല, ഒന്നാം മൈൽ ടൗൺ എന്നിവിടങ്ങളിലെല്ലാം പൊലീസിന്റെ കാമറകൾ സജീവമായി.
ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ഇല്ലാതെയും മറ്റ് വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഇടാതെയും മൊബൈൽ ഫോണിൽ സംസാരിച്ചും യാത്ര ചെയ്തവർക്ക് കഴിഞ്ഞ ദിവസം മുതൽ പൊലീസിന്റെ 'കുറി' കിട്ടിത്തുടങ്ങി.
ട്രാഫിക് കൺട്രോൾ യൂനിറ്റിന്റെ മൂന്നാർ ഘടകത്തിനാണ് കുമളിയിലെ കാമറകളുടെ ചുമതല. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്നത് മുതൽ വാഹനത്തിലെ അഭ്യാസപ്രകടനങ്ങൾവരെ മൂന്നാറിലെ ഓഫിസ് സ്ക്രീനിൽ വ്യക്തമായി കാണാം. നിയമലംഘകരുടെ വാഹന നമ്പർ വഴി, വിവരങ്ങൾ ശേഖരിച്ച് പിഴയടക്കാനുള്ള നോട്ടീസ് വീട്ടുപടിക്കൽ തേടിയെത്തും.
കാമറകൾ സ്ഥാപിച്ചത് പൊലീസ് ആണെന്നറിയാതെ ഇരുചക്രവാഹനത്തിലിരുന്ന് കാമറയെ നോക്കി പല്ലിളിച്ചവരും സെൽഫി എടുത്തവരും നോട്ടീസ് കിട്ടിയതോടെ ഞെട്ടി.
പലരും പതിവ് വഴി വിട്ട് ഊട് വഴികളിലൂടെ യാത്ര തുടരാൻ സോഷ്യൽ മീഡിയകൾ വഴി മുന്നറിയിപ്പ് നൽകുന്ന തിരക്കിലുമായി. എന്നാൽ, ഇവരെ പിടികൂടാൻ വഴിയിൽ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.