കുമളി: ശബരിമല തീർഥാടന കാലത്ത് താൽക്കാലികമായി തുറക്കുന്ന കടകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കെതിരെ കർശന നടപടിയുമായി പൊലീസ് രംഗത്ത്. തീർഥാടന കാലത്ത് പതിവായി സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്ന സീസൺ കടക്കാരെയും ഇവിടത്തെ ജീവനക്കാരെയും സംബന്ധിച്ച വിവരശേഖരണം പൊലീസ് ആരംഭിച്ചു. നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി കുമളി യൂനിറ്റിന്റെ നേതൃത്വത്തിൽ വിളിച്ച അടിയന്തര യോഗത്തിൽ താൽക്കാലിക കടക്കാർക്ക് സംഘർഷം ഒഴിവാക്കി വ്യാപാരം ചെയ്യാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.കുമളി ടൗണിൽ തേക്കടി കവല മുതൽ ഹോളിഡേ ഹോമിനു സമീപം വരെയാണ് താൽക്കാലിക കടകൾ.
ശബരിമലയിൽ പോയി മടങ്ങിവരുന്ന തീർഥാടകർക്കായി നേന്ത്രക്കായ ചിപ്സ്, ഹൽവ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വിൽക്കുന്ന കടകളാണ് ദേശീയ പാതയോരത്ത് തുറക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ വൻ തുക തറവാടക നൽകിയാണ് സീസൺ കടകൾ ഒരുക്കുന്നത്. ഇവിടേക്ക് തീർഥാടകരെ ആകർഷിക്കാൻ ഓരോ കടക്കു മുന്നിലും ജീവനക്കാർ ഇറങ്ങിനിൽക്കുന്നത് പലപ്പോഴും കടക്കാർ തമ്മിൽ സംഘട്ടനങ്ങൾക്കിടയാക്കാറുണ്ട്. ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച്, തീർഥാടകരുടെ വാഹനങ്ങൾ നിരത്തിയിട്ടാണ് കടകളിലെ കച്ചവടം. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാതയിലേക്കിറക്കി ചിപ്സ് തയാറാക്കാനുള്ള ചട്ടിയും ഗ്യാസ് സിലിണ്ടറും വെക്കുന്നതും നാട്ടുകാർക്ക് ഭീഷണിയാണ്.
സീസണിൽ പതിവായി ഏറ്റുമുട്ടലുകൾ നടക്കുന്നത് പൊലീസിനും നാട്ടുകാർക്കും തലവേദനയായതോടെയാണ് കർശന നടപടിയുമായി പൊലീസ് രംഗത്തിറങ്ങിയത്. നടപ്പാത കൈയേറിയുള്ള വ്യാപാരം, റോഡിൽ ഇറങ്ങി തീർഥാടകരെ വിളിച്ചുകയറ്റുന്നത്, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് ഇൻസ്പെക്ടർ ജോബിൻ ആൻറണി പറഞ്ഞു. നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് ആറുമണി മുതൽ കുമളിയിലെ മുഴുവൻ സീസൺ കടകളിലും പൊലീസ് പരിശോധന തുടരുകയാണ്. പഞ്ചായത്ത്, ഫുഡ് സേഫ്റ്റി, ആരോഗ്യ, അളവുതൂക്ക സർട്ടിഫിക്കറ്റുകൾ, ഹെൽത്ത് കാർഡ്, കടയുടമ, ജീവനക്കാർ എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്നിവ ശേഖരിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.