കീഴാന്തൂർ ശിവൻ പന്തിയിലൂടെ കടന്നുപോയ കാട്ടാന
മറയൂർ: ഒരിടവേളയ്ക്കുശേഷം ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നും രണ്ട് കാട്ടാനകൾ കഴിഞ്ഞദിവസം രാത്രി ജനവാസ മേഖലയിലേക്ക് ഇറങ്ങി നാശം വിതച്ചു. വെള്ളിയാഴ്ച രാത്രിയാണ് കാട്ടാനകൾ കാട് കടന്ന് നാട്ടിലേക്ക് എത്തിയത്.
ശിവൻപന്തി കീഴാന്തൂർ റോഡിലൂടെ നടന്ന രണ്ട് കാട്ടാനകൾ പ്രതീഷ് നടത്തിവരുന്ന റിസോർട്ടിലെ വാഴയും കാബേജ് കൃഷിയും നശിപ്പിച്ചു. കാന്തല്ലൂർ മേഖലയിൽ ആറുമാസത്തിനു മുൻപ് കാട്ടാനക്കൂട്ടം മാസങ്ങളോളം തമ്പടിച്ച് വ്യാപക കൃഷിനാശം വരുത്തിയിരുന്നു. പാമ്പൻപാറയിൽ വയോധികനായ കുഞ്ഞാപ്പിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. പ്രതിഷേധങ്ങൾക്കൊടുവിൽ ആർ.ആർ.ടി സംഘവും വനം വകുപ്പ് ജീവനക്കാരും ജനപ്രതിനിധികളും സംയുക്തമായി ഇറങ്ങി ജനവാസ മേഖലയിൽ നിന്നിരുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തി.
തുടർന്നും എത്താതിരിക്കാൻ വനാതിർത്തിയിൽ നിരീക്ഷണം ഏർപ്പെടുത്തി. പിന്നീട് മഴക്കാലം തുടങ്ങിയതോടെ വനത്തിനുള്ളിൽ തീറ്റയും ലഭിച്ചതോടെ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് കുറഞ്ഞു.
ഇപ്പോൾ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വേനൽചൂട് കൂടുകയും തീറ്റ ലഭിക്കാതെ വരികയും ചെയ്തതോടെ കാട്ടാന ഉൾപ്പെടെ വന്യ മൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് വനാതിർത്തി കടന്ന കാട്ടാനകൾ രാത്രി 10.45ന് ശിവൻപന്തിൽ എത്തുകയായിരുന്നു. ആന ഇറങ്ങി എന്നറിഞ്ഞതോടെ നാട്ടുകാരും ഭീതിയിലാണ്. കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.