മൂന്നാർ: ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്കുള്ള റേഷനിൽനിന്ന് 10,000 കിലോ അരി സ്വകാര്യവിപണിയിൽ മറിച്ചുവിറ്റു. പെട്ടിമുടിയിലെ ഗോഡൗണിലുള്ള സ്റ്റോക്കിൽ 10 ടണ്ണിലധികം അരിയുടെ കുറവ് കണ്ടെത്തിയതിനെത്തുടർന്ന് സ്റ്റോർ കീപ്പർമാരായ രണ്ടുപേരെ ചുമതലയിൽനിന്ന് നീക്കി. ഗിരിജൻ സൊസൈറ്റി മുൻ സെക്രട്ടറിയെയും സഹോദരനെയുമാണ് നീക്കിയത്.
സിവിൽ സപ്ലൈസ് വകുപ്പിലെ ചില താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് അരി മറിച്ചുവിറ്റതെന്നാണ് സൂചന. ഇടമലക്കുടിയിലെ ആദിവാസികൾക്ക് നവംബറിലെ റേഷൻ 21 ദിവസമായി തടസ്സപ്പെട്ട് കിടക്കുകയാണെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് റെയ്ഡും നടപടിയും. കലക്ടറുടെ ഇടപെടലിൽ ഇടമലക്കുടിയിൽ അഞ്ചര ടൺ റേഷൻ അടിയന്തരമായി എത്തിക്കുന്നതിനും നടപടിയുണ്ടായി.
അഞ്ചര ടൺ റേഷൻ സാധനങ്ങൾ രണ്ടു റേഷൻ കടയിലെത്തിയതോടെ ചൊവ്വാഴ്ച രാവിലെ മുതൽ ഇടമലക്കുടിയിൽ റേഷൻ വിതരണം പുനരാരംഭിച്ചു.
കലക്ടർ വി. വിഘ്നേശ്വരിയുടെ നിർദേശപ്രകാരം ദേവികുളം താലൂക്ക് സപ്ലൈ ഓഫിസർ, ഇടമലക്കുടിയിൽ റേഷൻ വിതരണത്തിന്റെ ചുമതലയുള്ള ഗിരിജൻ സൊസൈറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെട്ടിമുടിയിലെ റേഷൻ ഗോഡൗൺ, സൊസൈറ്റിക്കുടി, പരപ്പയാർ എന്നിവിടങ്ങളിലെ റേഷൻ കടകൾ എന്നിവ സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. ഇടമലക്കുടിയിൽ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാതെ പെട്ടിമുടിയിലെ ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുന്നതാണ് വാർത്തയായത്.
പെട്ടിമുടിയിലെ ഗോഡൗണിൽനിന്ന് പ്രത്യേക വാഹന സൗകര്യമൊരുക്കിയാണ് അരി ഉൾപ്പെടെ സാധനങ്ങൾ എത്തിക്കാൻ തുടങ്ങിയത്.
നവംബർ മാസം റേഷൻ അരി ഉൾപ്പെടെ ലഭിക്കാതെ വന്നതോടെ ഗോത്രവർഗക്കാർ മൂന്നാർ, മാങ്കുളം എന്നിവിടങ്ങളിലെത്തി പൊതു വിപണിയിൽനിന്ന് കൂടിയ വില നൽകിയാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. പെട്ടിമുടിയിനിന്ന് റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്നതിനുള്ള വാഹന കരാർ സംബന്ധിച്ച് തീരുമാനമാകാത്തതാണ് റേഷൻ വിതരണം തടസ്സപ്പെടാൻ ഇടയാക്കിയത്.
അതിനിടെയാണ് ദേവികുളം താലൂക്ക് സപ്ലൈ ഓഫിസർ സഞ്ജയ് നാഥൻ, റേഷനിങ് ഇൻസ്പെക്ടർ ജയകുമാർ, ഇടമലക്കുടിയിലെ റേഷൻ വിതരണത്തിന്റെ ചുമതലയുള്ള ദേവികുളം ഗിരിജൻ സൊസൈറ്റി അധികൃതർ എന്നിവർ കലക്ടറുടെ നിർദേശപ്രകാരമെത്തി നടത്തിയ പരിശോധനയിലാണ് റേഷൻ സാധനങ്ങൾ മറിച്ചുവിറ്റത് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.