മൂന്നാർ: ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻപോലും കഴിയാതെ വലയുന്ന കെ.എസ്.ആർ.ടി.സിക്ക് ദേവികുളം ടൗണിൽ സ്വന്തമായുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി ഒരു വരുമാനത്തിനും ഉപയോഗിക്കാതെ വെറുതെ കിടക്കുന്നു.മൂന്നാറിൽ 1982ൽ കെ.എസ്.ആർ.ടി.സി സബ്ഡിപ്പോ ആരംഭിക്കുന്നതിന് മുമ്പ് ബസുകൾ നിർത്തിയിട്ടിരുന്നതും ജീവനക്കാർ വിശ്രമിച്ചിരുന്നതും ദേവികുളത്തെ ഈ സ്ഥലത്തായിരുന്നു. അന്ന് ഉപയോഗിച്ചിരുന്ന ഗാരേജ് കെട്ടിടവും തകർന്ന നിലയിൽ ഇവിടെയുണ്ട്.
ദേവികുളം ടൗണിൽ ആർ.ഡി.ഒ ഓഫിസിന് എതിർവശം 17 സെന്റാണ് കെ.എസ്.ആർ.ടിസിക്ക് സ്വന്തമായുള്ളത്. മൂന്നാറിൽ സബ്ഡിപ്പോ ആരംഭിച്ചതോടെയാണ് സ്ഥലവും കെട്ടിടവും ഉപയോഗിക്കാതായത്. ഇതോടെ ഗാരേജ് കെട്ടിടത്തിലെ മരഉരുപ്പടികൾ മുഴുവൻ മോഷ്ടാക്കൾ പൊളിച്ചുകടത്തി.വെറുതെ കിടക്കുന്ന ഭൂമി കെ.എസ്.ആർ.ടി.സിക്ക് വരുമാനമാർഗമാക്കി മാറ്റാനുള്ള ബി.ഒ.ടി പദ്ധതിപ്രകാരം മൂന്നാറിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി ഇവിടെ നക്ഷത്ര ഹോട്ടൽ സംരംഭം തുടങ്ങാൻ തീരുമാനിക്കുകയും രണ്ടുവർഷം മുമ്പ് ഇതിനുള്ള രൂപരേഖ തയാറാക്കി ടെൻഡർ ക്ഷണിക്കുകയും ചെയ്തതാണ്.
എന്നാൽ, പിന്നീട് നടപടി മുന്നോട്ടുപോയില്ല. 10 ആഡംബര മുറികളും ഭക്ഷണശാലയുമാണ് പദ്ധതിയിലുണ്ടായിരുന്നത്. ഇതിൽ ഒരുമുറി കെ.എസ്.ആർ.ടി.സിക്ക് ഉപയോഗിക്കാനും ഉദ്ദേശിച്ചിരുന്നു. സ്വകാര്യ സംരംഭകർക്ക് 30 വർഷത്തേക്ക് കരാർ നൽകുന്നതിനായിരുന്നു അന്ന് ടെൻഡർ ക്ഷണിച്ചത്.മൂന്നാറിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന മൂന്നര ഏക്കർ വെറുതെ കിടക്കുന്നു. പഴയ മൂന്നാർ കെ.എസ്.ആർ.ടിസി സബ് ഡിപ്പോയോട് ചേർന്ന് ദേശീയ പാതയോരത്താണ് ഈ സ്ഥലം.ഇത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാൻ പലപ്പോഴായി പല പദ്ധതികൾ കൊണ്ടുവന്നെങ്കിലും ഒന്നും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.