മുട്ടം: മലങ്കര ജലാശയത്തിൽ സോളാർ ബോട്ട് ഇറക്കുന്നതിൽ നിന്ന് പിന്മാറി കെ.എസ്.ഐ.എൻ.സി. ഫണ്ട് ഇല്ല എന്ന കാരണം പറഞ്ഞാണ് പിന്മാറ്റം. 2022 സെപ്റ്റംബറിലാണ് സോളാർ ബോട്ട് ഇറക്കാൻ സന്നദ്ധത അറിയിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ്നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എൻ.സി) പദ്ധതി സമർപ്പിച്ചത്.രണ്ട് വർഷം മുമ്പ് സമർപ്പിച്ച പ്രപ്പോസലൽ പരിഗണിച്ച് അനുകൂലമറുപടി നൽകിയത് കഴിഞ്ഞ ജൂണിലാണ്. പ്രപ്പോസൽ സമർപ്പിച്ച അന്ന് ഫണ്ട് ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ഫണ്ട് ഇല്ല എന്നും കാണിച്ച് എം.വി.ഐ.പിക്ക് മറുപടി കത്ത് നൽകി.
പലതവണ അനുമതി ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും അന്നൊന്നും യാതൊരു കാരണവും ഇല്ലാതെ തള്ളുകയാണ് എം.വി.ഐ.പി ചെയ്തത് എന്ന് ബന്ധപ്പെട്ടവർ പറയുന്നു. ടൂറിസം പദ്ധതിയെ തന്നെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് എം.വി.ഐ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന ആരോപണവും ശക്തമാണ്.
2022 ജൂണിലാണ് 27 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സോളാർ ബോട്ടിന്റെയും ഫ്ലോട്ടിങ് ജെട്ടിയുടേയും ഉൾപ്പടെ 98.5 ലക്ഷം രൂപയുടെ പ്രപ്പോസൽ എം.വി.ഐ.പിക്ക് സമർപ്പിച്ചത്. ബോട്ടിന് 50 ലക്ഷം രൂപയും ഫ്ലോട്ടിങ് ജെട്ടി ഉൾപ്പടെയുള്ള മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ 48.5 ലക്ഷം രൂപയുമാണ് ആവശ്യമുള്ളത്.
എന്നാലിത് രണ്ട് വർഷം മുമ്പുള്ള തുകയാണ്. ബോട്ടിനും അനുബന്ധ കാര്യങ്ങൾക്കും ചിലവാകുന്ന മുഴുവൻ തുകയും കെ.എസ്.ഐ.എൻ.സി മുടക്കും. ബോട്ട് സർവിസ് നടത്തുമ്പോൾ ലഭിക്കുന്ന തുകയുടെ 90 ശതമാനം കെ.എസ്.ഐ.എൻ.സിക്ക് എടുക്കാം, 10 ശതമനം എം.വി.ഐ.പിക്ക് നൽകണം എന്നതായിരുന്നു അന്നത്തെ നിബന്ധന. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും മൂവാറ്റുപുഴ വാലി ഇറിഗേഷന്റെയും സംയുക്ത പദ്ധതിയാണ് മലങ്കര ടൂറിസം പദ്ധതി. സർക്കാറിന്റെ സാമ്പത്തിക ബുദ്ധിമുട്ടാണ് ടൂറിസം വികസനത്തിന് പ്രധാന തടസ്സം. അതിനാൽ ഇത്തരത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള പദ്ധതികളെ സ്വാഗതം ചെയ്തെ മുന്നോട്ട് പോകാൻ കഴിയുകയുള്ളു. എന്നാൽ അതിന് വേണ്ട ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.