നെ​ടു​ങ്ക​ണ്ട​ത്തി​ന​ടു​ത്ത്​ ക​ല്ലാ​റി​ൽ മു​ട്ട​യു​ടെ ആ​കൃ​തി​യി​ലു​ള്ള കെ​ട്ടി​ടം

ഇതാ, ഇവിടെയുണ്ട് ഒരു 'മുട്ട'ൻ കെട്ടിടം,...

നെടുങ്കണ്ടം: അകലെനിന്ന് നോക്കിയാൽ അമ്പരപ്പിക്കുന്ന ഒരു ഭീമന്‍ മുട്ട. അടുത്തുചെന്നാൽ അമ്പരപ്പ് കൗതുകത്തിന് വഴിമാറും. മുട്ടയല്ല ഇതൊരു കെട്ടിടമാണ്. നെടുങ്കണ്ടത്തിനടുത്ത് കല്ലാറിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഈ മനോഹര ദൃശ്യം.

കെട്ടിടങ്ങൾ പല ആകൃതിയിലും രൂപത്തിലും ഭാവത്തിലുമെല്ലാം നിർമിക്കാറുണ്ട്. അത്തരം ശൈലികളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കല്ലാറിലെ ഈ മുട്ട കെട്ടിടം. മുട്ടയുടെ ആകൃതിയില്‍ ഒരു കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ഒരു പക്ഷേ, ഇത് ആദ്യമാകാം. മരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന മുട്ടയുടെ ആകൃതിയിലുള്ള കെട്ടിടം പൂര്‍ണമായും പ്രകൃതി സൗഹൃദമാണ് എന്നതും സവിശേഷതയാണ്. സമീപത്തെ ചെറുതും വലുതുമായ മരങ്ങളുടെ കടക്കല്‍ കോടാലി വെക്കാതെ പൂർണമായും അവയെ സംരക്ഷിച്ചും ആവോളം തണല്‍ ലഭ്യമാകുന്ന തരത്തിലുമാണ് കെട്ടിടത്തിന്‍റെ നിർമിതി. ജനാലകള്‍ ഇല്ല എന്നതും മറ്റൊരു സവിശേഷതയാണ്. പുറത്തേക്ക് ആകെ ഒരു വാതില്‍ മാത്രമേയുള്ളൂ. കെട്ടിത്തിലേക്ക് സൂര്യപ്രകാശം ലഭ്യമാകാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്ത നിർമാണ ശൈലി മൂലം കെട്ടിടത്തിനുള്ളില്‍ അധികം ചൂടും അനുഭവപ്പെടാറില്ല. രണ്ട് ദശാബ്ദത്തിലേറെയായി നിർമാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ സ്വദേശി ജയന്‍റെ ഉടമസ്ഥതയിലുള്ളതാണ് 500 ചതുരശ്രയടി വിസ്തൃതിയുള്ള ഈ ഒറ്റമുറി ഓഫിസ് കെട്ടിടം. കാഴ്ചക്ക് മാത്രമല്ല, സൗകര്യങ്ങളുടെ കാര്യത്തിലും മുന്നിലാണ്.

വ്യത്യസ്ത ശൈലിയിൽ ഓഫിസ് കെട്ടിടം നിർമിക്കണമെന്ന ജയന്‍റെ ആഗ്രഹമാണ് മുട്ടയുടെ ആകൃതിക്കുപിന്നിൽ. പല രൂപകൽപനകൾ തയാറാക്കിയ ശേഷമാണ് മുട്ടയുടെ ആകൃതി തെരഞ്ഞെടുത്തത്. ഇടുക്കിയില്‍ പ്രകൃതി ഒരുക്കിയ നിരവധി വിസ്മയ കാഴ്ചകള്‍ക്കുപുറമെ മനുഷ്യനിര്‍മിതമായ ഈ കെട്ടിടത്തിനും ഇപ്പോൾ താരപരിവേഷമാണ്. കെട്ടിടത്തിന്‍റെ കൗതുക കാഴ്ചകള്‍ ആസ്വദിക്കാൻ നിരവധി ആളുകൾ കല്ലാറിൽ എത്തുന്നുണ്ട്.

Tags:    
News Summary - Egg-shaped building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.