ജോഷ്വ താൻ നിർമിച്ച ഡ്രോണിനും ചെറുവിമാന മാതൃകകൾക്കും മുന്നിൽ. പിതാവ് സജി സമീപം
തൊടുപുഴ: ലോക്ഡൗണിൽ പലരും വീടുകളിൽ ഇരിക്കുേമ്പാൾ സ്വപ്നങ്ങളെ യാഥാർഥ്യമാക്കി വിണ്ണിലേക്കുയർത്തുകയാണ് ജോഷ്വ. വിമാനം നിർമിക്കുന്ന പപ്പയെ കണ്ട് വളർന്നതുകൊണ്ടാകും ഈ ചെറുപ്പക്കാരന് വിമാനങ്ങളെ ഏറെ ഇഷ്ടം. ഡ്രോണുകൾ നിർമിക്കാനും അതിനെക്കുറിച്ച് പഠിക്കാനുമാണ് ലോക്ഡൗണിലും മുഴുവൻ സമയവും ജോഷ്വ നീക്കിവെക്കുന്നത്.
സ്വന്തമായി വിമാനം നിര്‍മിച്ച് തമിഴ്നാട്ടിലെ അംബാ സമുദ്രത്തിന് മുകളിലൂടെ പറപ്പിച്ച മൂകനും ബധിരനുമായ സജി തോമസിനെ അറിയാത്തവരുണ്ടാകില്ല. അദ്ദേഹത്തിെൻറ മകനാണ് ജോഷ്വ. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സജിയുടെ വിമാന സ്വപ്നങ്ങളും അത് യാഥാർഥ്യമാക്കാൻ കാണിച്ച പരിശ്രമങ്ങളും അദ്ഭുതത്തോടെയും കൗതുകത്തോടെയുമാണ് നാട് കേട്ടത്. ഇപ്പോൾ ആ പാതയിൽ തന്നെയാണ് മകനും. ഇരുവരും സ്വന്തം വീട്ടുമുറ്റം എയ്റോ മോഡലിങ്ങിെൻറ സാമ്രാജ്യമാക്കി മാറ്റിയിരിക്കുന്നു. ഇവിടെ നടക്കുന്നതാകട്ടെ ഡ്രോണുകളുടെയും ചെറുവിമാന മാതൃകകളുടെ നിർമാണവും ഗവേഷണങ്ങളും. അച്ഛൻ തന്നെയാണ് ഇക്കാര്യത്തിൽ റോൾ മോഡൽ എന്ന് ജോഷ്വ പറയുന്നു.
ചെറുപ്പത്തിൽ റബർ തോട്ടത്തിൽ മരുന്നുതളിക്കാനെത്തിയ ഹെലികോപ്ടറാണ് ആകാശത്ത് തുമ്പിയെപ്പോലെ വട്ടമിട്ട് പറക്കുന്ന വിമാനം നിർമിക്കണമെന്ന മോഹം സജിയിൽ ഉണ്ടാക്കിയത്. ഏറെ പ്രയാസങ്ങൾക്കും പരിശ്രമത്തിനൊടുവിൽ വിമാനം സ്വന്തമായി നിർമിക്കുകയും തമിഴ്നാട്ടിൽെവച്ച് വിങ് കമാൻഡർ എസ്.കെ.ജെ. നായരുടെ സാന്നിധ്യത്തിൽ സജി പറപ്പിക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് വളർന്ന ജോഷ്വ 10ാം ക്ലാസിൽ പഠിക്കുേമ്പാൾ തന്നെ ചെറുഡ്രോണുകൾ നിർമിച്ചിരുന്നു. പ്രവൃത്തി പരിചയമേളയിലടക്കം ജോഷ്വ തെൻറ ഡ്രോണുകളുമായെത്തി കൈയടി നേടി.
പൈലറ്റ് ആകാനാണ് ആഗ്രഹമെന്ന് ജോഷ്വ പറയുന്നു. അതിലേക്കുള്ള ചവിട്ടുപടിയാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. വീടിെൻറ മുറ്റത്തും മുറികളിലും എന്തിന് കട്ടിലിനടിയിൽവരെ ചെറുവിമാനങ്ങൾ നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളും മോഡലുകളും നിറഞ്ഞുകിടക്കുകയാണ്. ജോഷ്വയും പിതാവ് സജിയും സുഹൃത്ത് അരുണും ചേർന്ന് ക്രോസ് വിൻഡ് എന്ന പേരിൽ ഡ്രോണുകളുടെ സർവിസുകളടക്കം ചെയ്യുന്നുണ്ട്. അച്ഛനും മകനും ചേർന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന അഗ്രി കൾചറൽ ഡ്രോണും നിർമിച്ചിട്ടുണ്ട്. കൃഷിയിടങ്ങളിൽ മരുന്ന് തളിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഇതിെൻറ നിർമാണം.
കോവിഡ് കാലമായതിനാൽ വളരെ എളുപ്പം ലഭ്യമായ വസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചത്. ആഗ്രഹങ്ങൾ മനസ്സിൽ വെക്കാനുള്ളതല്ല, അത് യാഥാർഥ്യമാക്കാനുള്ളതാണെന്ന് പപ്പ പറയാതെ പറഞ്ഞിട്ടുണ്ടെന്നും ജോഷ്വ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.