കുടയത്തൂർ: ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരിയ ശേഷം കമ്പിപ്പാര ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കുടയത്തൂർ കോളപ്ര മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വ്യാപക മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ച ഒന്നിന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. കോളപ്രയിലെ തടിമില്ലിൽനിന്ന് മോഷ്ടിച്ച കമ്പിപ്പാര ഉപയോഗിച്ചാണ് മോഷണം നടത്തിയത്.
കോളപ്ര ഹൈസ്കൂൾ ജങ്ഷനിലുള്ള കല്ലംമാക്കൽ സ്റ്റോഴ്സ്, കുടയത്തൂർ ബാങ്ക് ജങ്ഷനിലുള്ള പൊന്നൂസ് ബേക്കറി, പച്ചക്കറിക്കട, ഡാഫോഡിൽസ് ഫാമിലി ഷോപ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
എല്ലായിടത്തും താഴ് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കല്ലംമാക്കൽ സ്റ്റോഴ്സിൽനിന്ന് 800 രൂപയും പച്ചക്കറിക്കടയിൽനിന്ന് 700 രൂപയും ഡാഫോഡിൽസ് ഫാമിലി ഷോപ്പിൽനിന്ന് 3000 രൂപയും നഷ്ടപ്പെട്ടു. പൊന്നൂസ് ബേക്കറിയിൽ കയറിയെങ്കിലും മോഷ്ടാക്കൾക്ക് പണം കിട്ടിയില്ല.
മോഷ്ടാക്കൾ എത്തിയത് ആസൂത്രിതമായി
കവർച്ച നടത്താൻ മോഷ്ടാക്കൾ എത്തിയത് ആസൂത്രിതമായി. കോളപ്ര, ശരംകുത്തി, കുടയത്തൂർ സരസ്വതി സ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരിമാറ്റിയതിന് ശേഷമാണ് മോഷ്ടാക്കൾ പ്രദേശത്ത് എത്തിയത്.
കോളപ്രയിലെ ട്രാൻസ്ഫോർമറിലെ എ.ബി സ്വിച്ചിന്റെ ലിവർ താഴ്ത്തിയ നിലയിലായിരുന്നു. സരസ്വതി സ്കൂൾ ജങ്ഷനിലെ ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പുലർച്ചയായതിനാൽ വൈദ്യുതി മുടങ്ങിയത് ജനങ്ങൾ അറിഞ്ഞില്ല. രാവിലെ നടത്തിയ പരിശോധയിലാണ് ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരിമാറ്റിയ നിലയിൽ കണ്ടത്.
വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി കാമറകളിൽ മോഷ്ടാക്കളുടെ മുഖം പതിയാതിരിക്കാൻ ദിശ മാറ്റിയ നിലയിലാണ്. മുട്ടം, കാഞ്ഞാർ പൊലീസ് അന്വേഷണം നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.