തൊടുപുഴ: സ്വന്തം പേരിൽ സ്വന്തമായി വിമാനം നിർമിച്ച് പറപ്പിച്ച ആദ്യത്തെ ഇന്ത്യക്കാരൻ എന്ന വിളിപ്പേരിന് അർഹനായ സജിയെത്തേടി സംസ്ഥാന ഭിന്നശേഷി പുരസ്കാരം. ജന്മനാ സംസാര-കേൾവി പരിമിതനായ ഇടുക്കി തട്ടക്കുഴ സ്വദേശി സജി തോമസ് പത്തുവർഷം മുമ്പാണ് സ്വന്തമായി വിമാനം നിര്‍മിച്ച് പറത്തിയത്. വിമാനമടക്കം സജിയുടെ പ്രവർത്തന മേഖലയിലെ മികവുകളാണ് പുരസ്കാരത്തിലേക്ക് നയിച്ചത്.
കുട്ടിക്കാലത്ത് കണ്ട ഹെലികോപ്റ്ററാണ് സജിയുടെ ജീവിതം മാറ്റിമറിച്ചത്. റബർ തോട്ടങ്ങളില്‍ മരുന്നുതളിക്കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ അറ്റകുറ്റപ്പണി നടത്തി ഉപജീവനം നടത്തുന്നതിനൊപ്പം തന്റെ ആഗ്രഹ സാക്ഷാത്കാരത്തിനുള്ള സമ്പാദ്യവും സ്വരുക്കൂട്ടി. അങ്ങനെയിരിക്കെ സജി നാടുവിട്ടു.
മുംബൈയിലേക്കായിരുന്നു ആ യാത്ര. ഒരിക്കൽ പരിചയപ്പെട്ട വൈമാനികരുടെ വിലാസം മാത്രമായിരുന്നു കൈയിൽ. അന്ന് റബർ തോട്ടത്തിൽവെച്ച് കണ്ട യുവാവ് തങ്ങളെത്തേടി വരുമെന്ന് വൈമാനികർ ഒരിക്കലും കരുതിയില്ല. സജിയെ അവർ മുംബൈയിലെ വിമാന കമ്പനികളിലൊക്കെ കൊണ്ടുപോയി. വിമാനത്തെ സംബന്ധിച്ച പുസ്തകങ്ങളും യന്ത്രഭാഗങ്ങളും വാങ്ങാൻ പലരും സഹായിച്ചു. അങ്ങനെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച് സജി നാട്ടിൽ തിരിച്ചെത്തി.
പിന്നീട് വിമാന നിർമാണ നാളുകൾ. ഊണും ഉറക്കമില്ലാത്ത രാപ്പകലുകൾ. എന്നാൽ, നിർമാണം പൂർത്തിയാക്കാൻ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് വിങ് കമാന്‍ഡർ എസ്.കെ.ജെ. നായരെ പരിചയപ്പെടുന്നത്. സജിയുടെ സ്വപ്നങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തിനും ആവേശമായി.
ഏഴുവർഷം പരിശ്രമിച്ചാണ് സജി വിമാനം നിര്‍മിച്ചത്. 2014 ഏപ്രിൽ 10ന് എയർഫോഴ്സിലെ റിട്ട. വിങ് കമാൻഡർ എസ്.കെ.ജെ. നായർ തമിഴ്നാട്ടിലെ തിരുനെൽവേലിക്കടുത്തുള്ള അംബാസമുദ്രത്തിൽ സജിയെയുമിരുത്തി വിമാനം പറപ്പിച്ചു.
ഇതിനുശേഷം സജിയെത്തേടി അഭിനന്ദനങ്ങളും പുരസ്കാരങ്ങളുമെത്തി. നാഷനൽ അഡ്വഞ്ചർ ഫൗണ്ടേഷൻ അംഗീകാരവും സജിയെത്തേടി എത്തിയിട്ടുണ്ട്. ഇപ്പോൾ വിവിധ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകളുടെ നിർമാണവും അറ്റകുറ്റപ്പണിയുമാണ് സജി ചെയ്യുന്നത്. ഭാര്യ മരിയയും മകൻ ജോഷ്വയുമാണ് ഒപ്പമുള്ളത്. 25,000 രൂപയാണ് പുരസ്കാരത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.