തൊടുപുഴ: ജില്ലയിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചു. ഈ വർഷം ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 30 വരെ ജില്ല വിമൻ പ്രൊട്ടക്ഷൻ ഓഫിസിലും ജില്ലയിലെ നാലു സർവിസ് പ്രൊവൈഡിങ് സെന്ററുകളിലും സഖി വണ്‍ സ്റ്റോപ് സെന്ററിലുമായി ലഭിച്ചത് 482 പരാതികളാണ്. 2023ൽ ആകെ 564 പരാതിയാണ് ലഭിച്ചത്.
മാസം ശരാശരി അമ്പതോളം പരാതി ഇപ്പോൾ ലഭിക്കുന്നുണ്ടെന്നിരിക്കെ ഈ വർഷത്തെ ആകെ കേസുകൾ കൂടുതലായിരിക്കുമെന്ന് അധികൃതർ പറയുന്നു. പൊലീസിൽ ലഭിക്കുന്ന പരാതികൾ ഇതിനു പുറമെയാണ്.
ഗാർഹിക പീഡനങ്ങൾക്ക് ഇരകളാകുന്ന സ്ത്രീകളിൽ നല്ലൊരു ശതമാനവും ഇപ്പോൾ പരാതി നൽകാൻ തയാറായി മുന്നോട്ടുവരുന്നുണ്ടെന്ന് ജില്ല വിമൻ പ്രൊട്ടക്ഷൻ ഓഫിസർ എ.എസ്. പ്രമീള പറഞ്ഞു.
മുമ്പ് പല കാരണങ്ങളാൽ ഭൂരിഭാഗംപേരും വിവരം മറച്ചുവെക്കുകയാണ് ചെയ്തിരുന്നത്. ഈയൊരു അവസ്ഥക്ക് മാറ്റം വരുത്താൻ ബോധവത്കരണം, സ്ത്രീസുരക്ഷ ലക്ഷ്യമിട്ടുള്ള സർക്കാറിന്റെ വിവിധ പദ്ധതികൾ എന്നിവ സഹായമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഗാർഹിക അതിക്രമങ്ങൾക്ക് പ്രധാന കാരണം പങ്കാളിയുടെ മദ്യപാനവും ലഹരി ഉപയോഗവുമാണെന്ന് റിപ്പോർട്ടുണ്ട്. മൊബൈൽ ഫോണ്‍ ഉപയോഗം, ദമ്പതികൾക്കിടയിലെ വിശ്വാസമില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയുടെ പേരിൽ പീഡനങ്ങൾക്ക് ഇരയാകുന്നവരും കുറവല്ല. ട്രൈബൽ മേഖലകളിലെ കുടുംബങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പരാതികൾ അധികം റിപ്പോർട്ട് ചെയ്യപ്പെടാറില്ലെന്ന് അധികൃതർ പറയുന്നു.
ജില്ലയിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാർഹിക പീഡന പരാതികൾ കുറവാണ്. ഗാർഹിക അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് വിമൻ പ്രൊട്ടക്ഷൻ ഓഫിസിലോ സഖി വണ്‍ സ്റ്റോപ് സെന്ററിലോ താമസ സ്ഥലത്തിനടുത്തുള്ള സർവിസ് പ്രൊവൈഡിങ് സെന്ററിലോ പരാതി നൽകാം.
ജില്ല വിമൻ പ്രൊട്ടക്ഷൻ ഓഫിസ് പൈനാവിലാണ് പ്രവർത്തിക്കുന്നത്. ഇതിനോടു ചേർന്നുതന്നെയാണ് സഖി വണ്‍ സ്റ്റോപ് സെന്റർ. തൊടുപുഴ, കുമളി, അടിമാലി, ചെറുതോണി എന്നിവിടങ്ങളിലാണ് സർവിസ് പ്രൊവൈഡിങ് സെന്ററുകൾ ഉള്ളത്. മുഴുവൻ സർവിസ് പ്രൊവൈഡിങ് സെന്ററുകളിലും സൗജന്യ നിയമ ഉപദേശവും നിയമ സഹായവും ലഭ്യമാണ്. പ്രൊട്ടക്ഷൻ ഓഫിസിൽനിന്ന് സൗജന്യ നിയമസഹായം, കൗണ്‍സലിങ്, മെഡിക്കൽ സഹായം, ഷെൽറ്റർ ഹോം സേവനം, പുനരധിവാസ സഹായ നടപടികൾ എന്നിവയും ലഭ്യമാകും.
സഖി വണ്‍ സ്റ്റോപ് സെന്ററിലും 24 മണിക്കൂറും സഹായം ലഭ്യമാണ്. താൽക്കാലിക അഭയം ആവശ്യമുള്ളവർക്ക് അഞ്ചുദിവസം വരെ ഇവിടെ താമസസൗകര്യവും ഒരുക്കും. മറ്റെങ്ങും ആശ്രയമില്ലാതെ വരുന്ന സ്ത്രീകൾക്കും അവരോടൊപ്പമുള്ള കുട്ടികൾക്കും കട്ടപ്പന, പൈനാവ് എന്നിവിടങ്ങളിൽ രണ്ടു അഭയഭവനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഫോണ്‍: വിമൻ പ്രൊട്ടക്ഷൻ ഓഫിസ്, പൈനാവ്: 04862 221722, 8281999056.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.