വാഗമൺ: വാഗമണ്ണിന്റെ ടൂറിസം വികസനം ലക്ഷ്യമിട്ട് സമഗ്ര പദ്ധതികൾ പരിഗണനയിൽ. പിന്നാക്ക ജനവിഭാഗങ്ങളും തോട്ടംതൊഴിലാളികളും ധാരാളമുള്ള പീരുമേട് മണ്ഡലത്തിൽ ഇനിയും വികസനങ്ങൾ വരേണ്ടതുണ്ടെന്നും തന്റെ മണ്ഡലത്തിൽ 2030ന് മുമ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് മാസ്റ്റർപ്ലാൻ തയാറാക്കുമെന്നും വാഴൂർ സോമൻ എം.എൽ.എ പറഞ്ഞു. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. തേയിലത്തോട്ടങ്ങൾ, വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പുൽമേടുകൾ, പൈൻ വനങ്ങൾ എന്നിവയാണ് വാഗമൺ ഉൾപ്പെട്ട പീരുമേടിന്റെ ഭൂപ്രകൃതി. ഇത് പ്രയോജനപ്പെടുത്തി സഞ്ചാരികളുടെ വരവ് കൂടിയ തോതിലാക്കാനും സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. ഒപ്പം, പിന്നാക്ക മേഖലക്കും പ്രതിസന്ധി നേരിടുന്ന തോട്ടം തൊഴിലാളികൾക്കും ആശ്രയമായ പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനം മുഖ്യമാണ്. ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കലാണ് പ്രധാന വെല്ലുവിളി. 83 സെന്റ് ഭൂമിയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് തുക നൽകാൻ ശിപാർശ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയാണ്. സാധാരണക്കാർക്കും ശബരിമല തീർഥാടകർ അടക്കം സഞ്ചാരികൾക്കും ആശ്രയമായ ആശുപത്രിയുടെ വികസനം യാഥാർഥ്യമാക്കും. ഏറെ പ്രതീക്ഷകളോടെയാണ് വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിനെ കാണുന്നത്. ജില്ലയുടെയും സ്വപ്നപദ്ധതിയാണിത്. എയർ സ്ട്രിപ്പിന്റെ നിർമാണ ജോലികൾ 90 ശതമാനം പൂർത്തിയായിണ്ട്. നിലവിൽ ഉണ്ടായിരിക്കുന്ന ചില തടസ്സങ്ങൾകൂടി നീങ്ങിക്കിട്ടിയാൽ എയർ സ്ട്രിപ്പിന്റെ ഉദ്ഘാടനം നടത്താനാകും. വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള തടസ്സം നീക്കാൻ ശ്രമങ്ങൾ നടക്കുന്നു. അഞ്ചേക്കർ ഭൂമികൂടി പദ്ധതിക്കായി ഏറ്റെടുക്കേണ്ടതായുണ്ട്. തോട്ടം, കാർഷിക മേഖലകൾ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ വിനോദസഞ്ചാര മേഖലയാണ് പീരുമേടിന് സഹായമാകുന്നത്. പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വികസനമാണ് വേണ്ടത്.
പ്രദേശത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വാഗമണ്ണിൽനിന്ന് പീരുമേട് വഴി വളഞ്ഞാങ്ങാനത്തേക്ക് റിങ് റോഡ് ഒരുക്കുന്നുണ്ട്. പ്രധാന കേന്ദ്രമായ വാഗമണ്ണിൽനിന്ന് ആരംഭിച്ച് ബോണാമിയിലെത്തി, മേഖലയിൽനിന്ന് പള്ളിക്കുന്ന് എം.ബി.സി കോളജിന് മുൻവശത്തുകൂടി പീരുമേട് താലൂക്ക് ആശുപത്രി വഴി പീരുമേട് ടൗണിലെത്തും. ഇവിടെനിന്ന് തോട്ടാപ്പുര വഴി വളഞ്ഞാങ്ങാനത്ത് എത്തുന്ന രീതിയിലാണ് റിങ് റോഡ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ മേഖലയുടെ ടൂറിസം വികസനത്തിന് റോഡ് മുതൽക്കൂട്ടാകും. കുട്ടിക്കാനം മുതൽ ചപ്പാത്തുവരെയുള്ള മലയോര ഹൈവേയിൽ ബസ് ബേ ഒരുക്കാനും പദ്ധതിയുണ്ട്.
പ്രദേശം വൃത്തിയായി പരിപാലിക്കാനും സൗന്ദര്യവത്കരണത്തിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. എട്ടിടങ്ങളിലായി ശൗചാലയമടക്കം സൗകര്യങ്ങൾ പദ്ധതിയിലൂടെ ഒരുക്കും. പരുന്തുംപാറയുടെ വികസനമാണ് മറ്റൊരു പദ്ധതി. സ്വകാര്യ പങ്കാളിത്തത്തോടെ ഗ്ലാസ് ബ്രിഡ്ജ് അടക്കം സാഹസികയിനങ്ങൾ ഒരുക്കാനുള്ള പദ്ധതികളും ചർച്ചയിലാണ്. കുട്ടികളുടെ പാർക്ക് ഒരുക്കാൻ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.