നെടുങ്കണ്ടം: വേനല്‍ചൂടില്‍ വെന്തുരുകി ഹൈറേഞ്ച്. നാട്ടിന് പുറങ്ങളിലെ കാലാവസ്ഥയാണ് നിലവില്‍ ഹൈറേഞ്ചില്‍ അനുഭവപ്പെടുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കഠിന ചൂടാണ് ഹൈറേഞ്ചില്‍ എമ്പാടും അനുഭവപ്പെടുന്നത്. ചൂട് കൂടിയതോടൊപ്പം ചിലയിടങ്ങളില്‍ കാറ്റും ശക്തമാണ്. ചിലയിടങ്ങളില്‍ മാത്രമാണ് വേനല്‍ മഴ പെയ്തത്. ഇത് ചൂടിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമാകുന്നു.
ഹൈറേഞ്ച് മേഖലയില്‍ പല ഭാഗത്തും മാര്‍ച്ച് ആരംഭത്തോടെ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇപ്പോള്‍ തന്നെ ചെറു അരുവികളിലേയും തോടുകളിലേയും നീരൊഴുക്ക് ഇടമുറിഞ്ഞു. ജല സംഭരണികളും വറ്റിതുടങ്ങി. ഗ്രാമങ്ങളോടൊപ്പം പട്ടണങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നു. ഇത് കാര്‍ഷിക മേഖലക്ക് വീണ്ടും തിരിച്ചടിയാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ളത്തിന് ഹൈറേഞ്ച് ജനത വലഞ്ഞതു തന്നെ.
മഴ കുറഞ്ഞതും വേനലിന്റെ കാഠിന്യം വര്‍ധിച്ചതും മൂലം പുഴകളിലെ ജലത്തിന്റെ ഒഴുക്ക് ഏകദേശം നിലച്ച നിലയിലാണ്. ചൂടിന്റെ കാഠിന്യത്താല്‍ കൃഷികളും മറ്റും വാടി തുടങ്ങി. പാറയിടുക്കുകളില്‍ ഇറ്റു വീഴുന്ന വെള്ളത്തുള്ളികള്‍ പഴയ കാല ഓർമ മാത്രമായി.
ചൂട് കൂടിയതോടെ കല്ലാര്‍, കൂട്ടാര്‍ പുഴകളിലെ ജല ഒഴുക്ക് തീര്‍ത്തും കുറഞ്ഞു. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് വെള്ളമെത്തിക്കുന്ന താന്നിമൂട് ജലവിതരണ പദ്ധതി, താലൂക്ക് ആശുപത്രിയിലടക്കം വെള്ളമെത്തിക്കുന്ന പദ്ധതി, വിവിധ ജലനിധിയുടെ കുടിവെള്ള പദ്ധതികള്‍ എന്നിങ്ങനെ നിരവധി ജലവിതരണ പദ്ധതിയാണ് കല്ലാര്‍ പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ ജലനിധി നടപ്പാക്കിയ 65 ജലവിതരണ പദ്ധതികളില്‍ 12ാളം വന്‍ പദ്ധതികള്‍ കല്ലാര്‍ പുഴയെ ആശ്രയിച്ചാണ്. ഇത് കൂടാതെ കൃഷി ആവശ്യത്തിനും മറ്റുമായി ചെറുതും വലുതുമായ നിരവധി തടയിണകളും കുളങ്ങളും സ്വകാര്യ വ്യക്തികളുടെ നേത്യത്വത്തില്‍ ഈ പുഴയില്‍ നിര്‍മിച്ചിട്ടുണ്ട്.
നാണ്യ വിളകള്‍ പലതും കരിഞ്ഞുതുടങ്ങിയത് കര്‍ഷകരെ ഭയാശങ്കയിലാഴ്ത്തി. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഏലം, കുരുമുളക്, വാഴ, പച്ചക്കറികള്‍ തുടങ്ങിയവ വാടിക്കരിഞ്ഞു തുടങ്ങി.
താലൂക്കാസ്ഥാനമായ നെടുങ്കണ്ടത്ത് ശുദ്ധ ജല വിതരണത്തിന് കാര്യക്ഷമമായ പദ്ധതികളില്ല. മിക്ക പഞ്ചായത്തുകളിലും കഴിഞ്ഞകാല ബജറ്റുകളില്‍ പുതിയ ജലവിതരണ പദ്ധതികള്‍ക്ക് തുക വക കൊള്ളിച്ചതായി പ്രഖ്യാപനങ്ങളുണ്ട്. എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം അതേപടി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.