എ.പി. അബ്ദുല്ലക്കുട്ടി
കണ്ണൂർ: കോഴിക്കോട് വിമാനത്താവളം വഴി ഈവർഷം ഹജ്ജിന് അപേക്ഷിച്ച 516 പേരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി. കോഴിക്കോട്നിന്ന് 3000 പേർ മാറ്റം ആവശ്യപ്പെട്ടതായും കൂടുതൽ അപേക്ഷകൾ വന്നാൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്രക്ക് കണ്ണൂരിനെയും കൊച്ചിയെയും അപേക്ഷിച്ച് 40,000 രൂപ അധികം നൽകേണ്ടി വരുന്നതാണ് മാറ്റത്തിന് കാരണം. ഉയർന്ന നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും പേർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, നയപരമായ തീരുമാനത്തിൽ അഭിപ്രായം പറയുന്നത് ഉചിതമാകില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
2023 ലാണ് കണ്ണൂർ വിമാനത്താവളം ഹജ്ജ് പുറപ്പെടൽ കേന്ദ്രമായത്. ആദ്യ വർഷം 2030 പേർ കണ്ണൂരിൽനിന്ന് പുറപ്പെട്ടു. 2024 ൽ 3218 പേരും കണ്ണൂർ വഴി ഹജ്ജിന് പുറപ്പെട്ടു. ഈവർഷം കണ്ണൂർ വഴി 4500 ഓളം പേർ എങ്കിലും ഹജ്ജിന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.