ശ്രീകണ്ഠപുരം: തുടർച്ചയായ 39 വർഷത്തെ വലതുപാരമ്പര്യമാണ് ഇരിക്കൂറിന്. അത് കോട്ടയത്തുനിന്ന് വന്ന കെ.സി. ജോസഫിെൻറ വിജയചരിത്രം. അതിനു മുേമ്പ ഒരു തവണ നാട്ടുകാരനായ കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാരെ എം.എൽ.എയാക്കിയതൊഴിച്ചാൽ പിന്നീടിതുവരെ ഇവിടെ നാട്ടുകാർ ഏറ്റുമുട്ടിയിട്ടില്ല. ഇ.കെ. നായനാരെയടക്കം വിജയിപ്പിച്ച ചരിത്രമുറങ്ങുന്ന മണ്ണിൽ ഇത്തവണ നാട്ടുകാരാണ് ഏറ്റുമുട്ടുന്നത്. അതിനാൽ വീറും വാശിയുമായി കളിയടവുകൾ മുഴുവൻ പയറ്റിയാണ് സ്ഥാനാർഥികൾ പ്രചാരണം കൊഴുപ്പിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സജീവ് ജോസഫിെൻറ പ്രചാരണം വ്യാഴാഴ്ച ഉദയഗിരി അരിവിളഞ്ഞപൊയിലിലായിരുന്നു തുടക്കം. രാവിലെ ഒമ്പതിന് തന്നെ സ്ഥാനാർഥിയെക്കാത്ത് നിരവധി പ്രവർത്തകരും വോട്ടർമാരുമാണ് ഇവിടെയുണ്ടായിരുന്നത്. ബാൻഡ് മേളത്തോടും പുഷ്പവൃഷ്ടിയോടും കൂടിയാണ് ഇവിടെ സ്ഥാനാർഥിയെ സ്വീകരിച്ചത്.
ഉളിക്കൽ മുണ്ടാനൂർ സ്വദേശിയായതിനാൽ സജീവ് ജോസഫ് മണ്ഡലത്തിൽ ഏവർക്കും സുപരിചിതനാണ്.കെ.സിയുടെ പിൻഗാമിയായി തന്നെ നിയമസഭയിലേക്കയക്കണമെന്നും മണ്ഡലത്തിൽ തുടർ വികസനം ഉറപ്പാക്കുമെന്നും പറഞ്ഞാണ് സജീവ് വോട്ട് തേടുന്നത്. വഴിയാത്രികരെയും വ്യാപാരികളെയും വയോജനങ്ങളെയും മതമേധാവികളെയും കണ്ട് വോട്ട് തേടുന്ന സജീവ് ജോസഫ് അഗതിമന്ദിരങ്ങളും സന്ദർശിച്ച് അനുഗ്രഹം തേടാനും മറക്കുന്നില്ല.
ഒരുകേന്ദ്രത്തിൽ നിന്ന് അടുത്തതിലേക്ക് നീങ്ങുമ്പോൾ വീട്ടമ്മമാരടക്കം കൈവീശി കാണിച്ചു. സംതൃപ്തിയോടെ സ്ഥാനാർഥി തിരിച്ചും. പൊരിവെയിലിനെ വകവെക്കാതെ എല്ലായിടത്തും സ്ഥാനാർഥിയെക്കാത്ത് ആവേശത്തോടെ പ്രവർത്തകർ. ജോസ്ഗിരി, ജയഗിരി, പുല്ലരി, ലഡാക്ക്, വായിക്കാമ്പ, രാജപുരം കവല, മണക്കടവ്, താബോർ, പരപ്പ, നെടുവോട്, മൂന്നാംകുന്ന്, പച്ചാണി, തിമിരി, ചെറുപാറ, തേർത്തല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി രയരോത്ത് സമാപിച്ചു.
ഇടതു സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റം ചെമ്പേരി സ്വദേശിയും കരുവഞ്ചാൽ വെള്ളാട് താമസക്കാരനുമാണ്. ഇദ്ദേഹം ഇരിക്കൂർ പഞ്ചായത്തിലെയും ശ്രീകണ്ഠപുരം നഗരസഭയിലെയും കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പര്യടനം നടത്തിയത്. കോടതി രണ്ടില ചിഹ്നം അനുവദിച്ചതിെൻറ ആവേശത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ (ജോസ്) സജി കുറ്റ്യാനിമറ്റവും പ്രവർത്തകരും. യു.ഡി.എഫിെൻറ നാലു പതിറ്റാണ്ടത്തെ കുത്തക തകർക്കാനുള്ള കഠിന ശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നത്.
ഇരിക്കൂര്‍ കോട്ടവയലില്‍ നിന്നാണ് സജി കുറ്റ്യാനിമറ്റം വ്യാഴാഴ്ച പര്യടനം തുടങ്ങിയത്. ഇവിടെ വാദ്യമേളങ്ങളും മുത്തുക്കുടകളുമായി നാട്ടുകാർ സ്ഥാനാർഥി എത്തും മുമ്പുതന്നെ സ്വീകരിക്കാൻ ഒരുങ്ങിനിന്നിരുന്നു.
തുടർന്ന് കുട്ടാവ് ജങ്ഷൻ, കുളിഞ്ഞപറമ്പ, പെരുവളത്തു പറമ്പ്, മൊളൂർ, കാഞ്ഞിലേരി, വയക്കര, കാണിയാർവയൽ, കോട്ടൂർ, പന്നിയോട്ടുമൂല, കൊട്ടൂർ വയൽ, നിടിയേങ്ങ സ്വാമി മഠം, പെരുമ്പറമ്പ, എ.കെ.ജി നഗർ, ചെമ്പന്തൊട്ടി, വള്ളിയാട്, ചേപ്പറമ്പ് പാറ, കാനപ്രം, പൊടിക്കളം, മടമ്പം, അലക്സ് നഗർ, ചുണ്ടപ്പറമ്പ, നെടുങ്ങോം, ഐച്ചേരി പ്രദേശങ്ങള്‍ സഞ്ചരിച്ച് കപ്പണത്തട്ടിലായിരുന്നു പര്യടനത്തിെൻറ സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.