കടംവീട്ടിത്തരുമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്​; സംഘത്തിൽ ഇരിക്കൂർ സ്വദേശികളും

ഇരിക്കൂർ: ബാങ്കിലെ കടം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മുഴുവൻ കടങ്ങളും വീട്ടിത്തരുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആയിരക്കണക്കിന് ആളുകളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്. ഇരിക്കൂർ സിദ്ദീഖ് നഗറിൽ പ്രവർത്തിച്ചു വന്നിരുന്ന സെറിൻ ചാരിറ്റബ്​ൾ ട്രസ്​റ്റാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്​ നടത്തിയത്​. ഇതേ തട്ടിപ്പ് കേസിൽ കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് മൗലവിയുടെ നേതൃത്വത്തിൽതന്നെയാണ് കണ്ണൂർ, കാസർകോട്​, വയനാട് ജില്ലകളിലുള്ളവരെ സമർഥമായി കബളിപ്പിച്ച് പണം തട്ടിയത്. മൂന്നു വർഷം മുമ്പാണ് സെറിൻ ചാരിറ്റബ്​ൾ സൊസൈറ്റിയുടെ പ്രവർത്തനം ഇരിക്കൂറിൽ ആരംഭിക്കുന്നത്.

പൊതുജനങ്ങളിൽ വിശ്വാസം വരുത്തുന്നതിന് മതസംഘടനയിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന മദ്​റസ അധ്യാപകരെ കൂടെകൂട്ടി കടബാധ്യതകൾ ഏറ്റെടുക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയും തങ്ങളുടെ വരുതിയിൽ നിൽക്കുന്ന യുവാക്കളും യുവതികളും അടങ്ങുന്നവരെ വീടുകളിൽ കയറിയിറങ്ങി പ്രചാരണം നടത്തിയുമാണ് സാധാരണക്കാരെ പ്രലോഭിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് 1000 രൂപ മുതൽ, കട ബാധ്യതക്കനുസരിച്ച് 10,000 രൂപ വരെ ഇവർ കൈക്കലാക്കിയിരുന്നു. ശിഹാബ് തങ്ങൾ അടക്കമുള്ള സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളുടെ ആശീർവാദമുണ്ടെന്ന വ്യാജേനയാണ്​ തുടക്കത്തിൽ ഇവർ പ്രചാരണം നടത്തിയത്. ഇതിനെതിരെ ഇരിക്കൂറിലെ മുസ്​ലിം ലീഗ് നേതൃത്വം രംഗത്തുവന്ന്​ ട്രസ്​റ്റുമായി ലീഗിനോ നേതൃത്വത്തിനോ ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

തുടക്കത്തിൽ നാമമാത്രമായ ആളുകൾക്ക് ആനുകൂല്യം നൽകിയാണ് തട്ടിപ്പിലേക്ക് ജനങ്ങളെ ഇവർ ആകർഷിപ്പിച്ചത്. അതിനായി ഇരിക്കൂറിലെ ഖദീജാസ് ഓഡിറ്റോറിയത്തിൽ ആയിരത്തിൽപരം ആളുകളെ പങ്കെടുപ്പിച്ചു പരിപാടി നടത്തിയിരുന്നു. സൊസൈറ്റിയിൽ അംഗമാവുന്നതിന് 1000 രൂപയും രജിസ്ട്രേഷൻ ഫീസിനത്തിൽ 250 രൂപയും വാങ്ങി അംഗങ്ങളാക്കുകയും കടബാധ്യതക്ക്​ അനുസരിച്ച് 10,000 രൂപവരെ കൈപ്പറ്റുകയും ചെയ്തു.

മാസങ്ങൾ കഴിഞ്ഞിട്ടും കടം വീട്ടുന്നതിനുള്ള ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ആളുകൾ അന്വേഷിച്ചെത്തിയതോടെ മണ്ണൂർപാലത്തിനടുത്ത ഒറ്റപ്പെട്ട സ്ഥലത്തേക്ക് കമ്മിറ്റി ഓഫിസ് മാറ്റി. ഇതിനിടെ ബാങ്കുകളിൽനിന്ന് ജപ്തി നോട്ടീസ് അടക്കം കിട്ടിയവർ ഇവരെ സമീപിച്ചപ്പോൾ മാസങ്ങൾ കഴിഞ്ഞ് മാറുന്ന ചെക്കുകൾ നൽകി കബളിപ്പിച്ചു. പരാതിയുമായെത്തിയവരെ തന്ത്രത്തിൽ പറഞ്ഞ് മയക്കി തിരിച്ചയക്കുകയും ചെയ്തു. ഇതിനിടെ വിവിധ നാടുകളിൽനിന്ന് ആളുകൾ അന്വേഷിച്ച് എത്തിയതോടെ ഇവർ ഓഫിസ് പൂട്ടി സ്ഥലം വിട്ടു.

കുറ്റിപ്പുറത്ത് റിയാസ് മൗലവി പിടിയിലായതോടെ ഇരിക്കൂറിലെ കൂട്ടാളികളായ ശബീർ ബദ്രിയെയും നാസർ മദനിയെയും സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ വ്യാപകമായ ചർച്ച ഉയർന്നു. ഇതിൽ സെക്രട്ടറിയായ നാസർ മദനി ഗൾഫിലേക്ക് കടന്നിരുന്നു. തട്ടിപ്പ് തലവൻ പിടിയിലായതോടെ സ്ത്രീകളടക്കം നിരവധിയാളുകൾ പരാതി പറയാൻ രംഗത്തെത്തി.

ഇരിക്കൂറിൽ തട്ടിപ്പിന് ഇരയായവരുടെ പണം തിരിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും പരാതിക്കാരെ ഏകോപിപ്പിച്ച് ആവശ്യമായ നിയമ സഹായങ്ങൾ ചെയ്യുന്നതിനുമായി ഇരിക്കൂർ സോഷ്യൽ ഗ്രൂപ് വാട്സ്ആപ്​ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കെ.ആർ. അബ്​ദുൽ ഖാദർ ചെയർമാനും അഡ്വ. ജാഫർ സാദിക്ക് കൺവീനറും യു.പി. അബ്​ദുറഹ്മാൻ ട്രഷററുമായി ആക്​ഷൻ കമ്മിറ്റി നിലവിൽ വന്നു.

Tags:    
News Summary - Fraud by promising to repay debt; The group also includes Irikkur residents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.