ഇരിക്കൂർ: അക്കാദമിക് യോഗ്യത മുഴുവൻ നേടിയാലും പഠിപ്പിക്കുന്ന കുട്ടിയുടെ മനസ്സറിയാനായില്ലെങ്കിൽ ഒരിക്കലും ആർക്കും നല്ല അധ്യാപകരാവാൻ കഴിയില്ല. വിദ്യാർഥിയുടെ ഉള്ളറിഞ്ഞ് അവരെ പഠിപ്പിച്ചാൽ ഓരോ കുട്ടിയും നല്ലനിലയിലെത്തും, ഒപ്പം നല്ല ഗുരുവുമാകും. ഇത് ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക വി.സി. ശൈലജയുടെ വാക്കുകൾ.
പുതിയ അധ്യയന വർഷത്തേക്കുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന മലയാളം അധ്യാപക പരിശീലനത്തിലാണ് കണ്ണൂർ ചെലോറ സ്വദേശിയായ ശൈലജ ടീച്ചറുടെ ‘പാഠംപൂത്ത കാലം’ എന്ന പ്രദർശനമൊരുക്കിയത്. ഇതിന്റെ പിന്നാമ്പുറം തേടിയവർക്കാണ് ടീച്ചറുടെ ഉപദേശം കലർന്ന മറുപടി.
വേറിട്ട കൈപ്പടയിൽ പിറന്ന വരികളുടെ ശേഖരം കണ്ട് വായിച്ചവരെല്ലാം ഒന്നമ്പരന്നു. കുഞ്ഞു മനസ്സുകളുടെ വേദനകൾ പകർത്തിയ കൈപ്പടകൾ നെഞ്ചോട് ചേർത്ത് സൂക്ഷിച്ച് അവയെല്ലാം അധ്യാപക പരിശീലനക്കളരിയിലേക്ക് എത്തിച്ച് പ്രദർശിപ്പിക്കുകയായിരുന്നു ഇവർ.
23 വർഷത്തെ ശൈലജയുടെ അധ്യാപന ജീവിതത്തിൽ ക്ലാസ് മുറികളിൽ രൂപപ്പെട്ട കുട്ടികളുടെ അനുഭവ കുറിപ്പുകളും സർഗ രചനകളുമാണ് പ്രദർശനത്തിലുണ്ടായിരുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ടിച്ച കാലത്ത് വിവിധ ക്ലാസുകളിലെ കുട്ടികൾ എഴുതിയ ജീവിതാനുഭവങ്ങളുടെ നേർചിത്രങ്ങളായിരുന്നു അവ ഓരോന്നുമെന്ന് മറ്റ് അധ്യാപകർ തിരിച്ചറിഞ്ഞു. ഒപ്പം സങ്കടക്കണ്ണീരും. പാഠം വെറുതെ പഠിപ്പിക്കാനുള്ളതല്ല, ഭാവിക്ക് കൈമാറാനുള്ളാണെന്ന സന്ദേശം കൂടിയാണ് ഇവ നൽകിയത്.
വളരെ വ്യത്യസ്തമായ രീതിയിലൂടെ കുട്ടികളുടെ ലോകത്തിലൂടെ സഞ്ചരിക്കുന്ന ടീച്ചറുടെ അധ്യാപന തന്ത്രങ്ങൾ പുതുതലമുറ അധ്യാപകർക്കും മികച്ച അനുഭവമായി. ആദ്യമായി ക്ലാസിലെത്തുന്ന കുട്ടികളെ പരിചയപ്പെടുമ്പോൾ തന്നെ സ്വാനുഭവങ്ങൾ പകർത്താൻ പറയും. കുടുംബം, സാഹചര്യം, വളർന്നു വന്ന രീതി, ഇഷ്ടം എന്നിവയെല്ലാം അവർ ഉള്ളിൽ തട്ടിയെഴുതും. അവ ശേഖരിച്ച് ഈ അധ്യാപിക സമയം കണ്ടെത്തി ആരുമറിയാതെ വായിക്കും.
അവിടെ എത്രയോ സങ്കടകഥകൾ കണ്ടു. അവയെല്ലാം ഹൃദയത്തിൽ സൂക്ഷിച്ചു. ഒപ്പം ആ കൈപ്പടയും ഭദ്രമായി വെച്ചു. കുട്ടികളുടെ പരിമിതി തിരിച്ചറിഞ്ഞ് സഹായങ്ങൾ നൽകി. അതുകൊണ്ട് തന്നെ പിന്നിട്ട തലമുറ ഇപ്പോഴും ടീച്ചറെ തേടിയെത്തി സ്നേഹം പങ്കുവെക്കുന്നു.
ക്ലാസ് മുറികളിൽ അധ്യാപകരുടെ സമീപനം കുറേക്കൂടി മാറണം. ഓഫർ കൊടുത്ത് കുട്ടികളെ കൊണ്ടുവരുന്ന രീതി പാടില്ല. ഓരോ കുട്ടിയും വ്യത്യസ്തരാണെന്നും അവരെ തുല്യരായി കണ്ട് മുന്നേറാൻ പ്രേരിപ്പിക്കണമെന്നും തന്റെ അനുഭവത്തിൽനിന്ന് ഈ അധ്യാപിക പറയുന്നു.
1993 ൽ മാട്ടൂൽ ഗവ. എച്ച്.എസ്.എസിൽ താൽക്കാലിക അധ്യാപികയായാണ് തുടക്കം. പിന്നീട് 1994ൽ കണ്ണൂർ ചിൻമയ വിദ്യാലത്തിൽ അധ്യാപികയായി. 2000ത്തിൽ പി.എസ്.സി വഴി മലപ്പട്ടം ഗവ. ഹയർ സെക്കൻഡറിയിൽ ജോലിയിൽ കയറി. 2001ൽ ചെറുകുന്ന് ഗവ. ഗേൾസ് സ്കൂൾ, 2016ൽ കണ്ണൂർ ടൗൺ ഹയർ സെക്കൻസറി സ്കൂൾ, 2019ൽ കണ്ണൂർ ചാല ഗവ. സ്കൂൾ, തുടർന്ന് വീണ്ടും ചെറുകുന്ന് സ്കൂൾ. 2021 ജൂലൈയിൽ പ്രധാനാധ്യാപികയായി ആലപ്പുഴ ആര്യാട് സ്കൂളിൽ നിയമിതയായി. തുടർന്ന് ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറിയിലേക്ക്.
വിദ്യാജ്യോതി അവാർഡ്, ബോൾസ് അവാർഡ്, സംസ്ഥാന അധ്യാപക അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ഇതിനോടകം തേടിയെത്തി. മികച്ച എഴുത്തുകാരി കൂടിയായ ടീച്ചറുടെ നേതൃത്വത്തിൽ നേരത്തെ ചെറുകുന്ന് ഗവ. ഹൈസ്കൂളിൽ ഒരുക്കിയ കുട്ടികളുടെ ലൈബ്രറിയും അനുബന്ധ പ്രവർത്തനങ്ങളും സംസ്ഥാന അംഗീകാരം നേടിയിരുന്നു. ഭർത്താവ്: മഠത്തിൽ പ്രദീപൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.