ഇരിക്കൂർ: സമ്പൂർണ ലഹരിമുക്ത ഇരിക്കൂർ എന്ന ലക്ഷ്യവുമായി നടപ്പാക്കിയ സമഗ്ര പദ്ധതി ഫലം കാണുന്നു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സനായും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജനറൽ കൺവീനറുമായി ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ജനകീയ കമ്മിറ്റിയുടെ പ്രവർത്തനം സജീവമായതോടെ ജനങ്ങളും പൊലീസും ഒറ്റക്കെട്ടായി ലഹരിമാഫിയക്കെതിരെ മുന്നോട്ടുപോവുകയാണ്. ലഹരി വസ്തുക്കൾ വിൽപന നടത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിയമ നടപടിക്ക് വിധേയമാക്കുന്നതിനുമായി ഷാഡോ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ചാണ് പ്രവർത്തനം ശക്തമാക്കുന്നത്. ഫുട്ബാൾ ടർഫുകളുടെ സമയം രാത്രി 11 വരെയായി നിശ്ചയിച്ചതും വിവിധ സന്നദ്ധ സംഘടനകൾ നടത്തിയ ലഹരിവിരുദ്ധ കാമ്പയിനുകളും ബോധവത്കരണ പരിപാടികളും ലഹരി ഉപയോഗം കുറക്കാൻ സഹായകരമായിട്ടുണ്ട്.
രാവിലെ പച്ചക്കറിയുമായി വരുന്ന വാഹനങ്ങളിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള അഞ്ചോളം കേസുകൾ ഇരിക്കൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരിക്കൂർ സ്വദേശികളായ എം. റിയാസ്, എം.പി. മുഹമ്മദ് റാഷിദ്, പി.പി. നവാസ്, പി.പി. ഹുസൈൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
രാത്രിയുടെ മറവിലാണ് ലഹരി മാഫിയ യുവാക്കളെ തേടിയെത്തുന്നത്. ഈ സമയം കുട്ടികളെ ടൗണിലും മറ്റും കറങ്ങാൻ വിടുന്നത് രക്ഷിതാക്കൾ നിയന്ത്രിച്ചാൽ ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽനിന്നും ഒരു പരിധിവരെ ഇവരെ രക്ഷപ്പെടുത്താൻ കഴിയും. ഇരിക്കൂർ ഇൻസ്പെക്ടർ സിബീഷ്, എസ്.ഐ ഷീജു, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ കെ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ പ്രവർത്തനം ഊർജിതമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.