ഇരിട്ടി: വേനൽ കനത്തതോടെ ബാരാപോൾ പുഴ വറ്റിവരണ്ടു മലയോരത്തെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രമായ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽനിന്നുള്ള ഉൽപാദനം നിർത്തി. വൈദ്യുതിവകുപ്പിന്റെ ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി മികച്ച നേട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഒരുവർഷം കൊണ്ട് കൈവരിക്കേണ്ട ഉൽപാദന ലക്ഷ്യം കുറഞ്ഞ മാസങ്ങൾ കൊണ്ട് മറികടന്നാണ് ബാരാപോൾ കെ.എസ്.ഇ.ബിയുടെ മികച്ച ചെറുകിട ജലവൈദ്യുതി പദ്ധതിയെന്ന സ്ഥാനത്തേക്ക് ഉയർന്നത്. വാർഷിക ഉൽപാദന ലക്ഷ്യമായ 36 ദശലക്ഷം യൂനിറ്റ് നാലുമാസം കൊണ്ടാണ് പിന്നിട്ടത്.
ബാരാപോൾ പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ പദ്ധതിയിൽ നിന്നുള്ള ഉൽപാദനം നിർത്തി. ഇക്കുറി 43.27 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ബാരാപോളിൽനിന്ന് ഉൽപാദിപ്പിച്ചത്. ഇത് വാർഷിക ഉത്പാദന ലക്ഷ്യത്തേക്കാൾ 7.27 ദശലക്ഷം യൂനിറ്റ് അധികമാണ്. ജൂൺ മുതൽ മേയ് വരെയുള്ള 12 മാസ കാലയളവാണ് വൈദ്യുതി ഉൽപാദനത്തിലെ ഒരുവർഷമായി കണക്കാക്കുന്നത്.
ഈ കാലയളവിൽ ലക്ഷ്യമിട്ട ഉൽപാദനമാണ് 36 ദശലക്ഷം യൂനിറ്റ്. പുഴയിലെ നീരൊഴുക്കിന്റെ ശക്തി കുറയുന്നതിനനുസരിച്ച് മൂന്ന് ജനറേറ്ററുകൾ ഒരെണ്ണമായി കുറച്ച് മണിക്കൂറുകൾ ഇടവിട്ട് ഉൽപാദിപ്പിച്ചാണ് 36 മെഗാവാട്ടായി പ്രതിവർഷ ഉൽപാദനം കണക്കാക്കിയിരുന്നത്.
കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിൽനിന്ന് ഒഴുകിവരുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ ബാരാപോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഇക്കുറി തുലാവർഷം ചതിച്ചതാണ് 50 ദശലക്ഷം യൂനിറ്റ് എന്ന ലക്ഷ്യത്തിന് തടസ്സമായത്.
ഡിസംബർ വരെ മൂന്ന് ജനറേറ്ററും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി കുറയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് വരെ ഒരു ജനറേറ്റർ മണിക്കൂറുകൾ ഇടവിട്ട് പ്രവർത്തിപ്പിച്ചിരുന്നു. 2016 ഫെബ്രുവരി 29നാണ് ബാരാപോളിൽനിന്ന് ഉൽപാദനം തുടങ്ങിയത്.
തുടർന്ന് മൂന്ന് വർഷങ്ങളിലും കാര്യമായ ഉൽപാദനമൊന്നും ഉണ്ടായില്ല. ഉരുൾപൊട്ടലിനെ തുടർന്ന് പദ്ധതിയുടെ കനാലിൽ ഉണ്ടായ ചോർച്ചയും ജനറേറ്റർ തകരാറുമെല്ലാം പദ്ധതിയെ പൂർണ നഷ്ടത്തിലാക്കിയിരുന്നു. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചതിന് പിന്നാലെയാണ് മികച്ച ഉൽപാദനത്തിലേക്ക് കടന്നത്. നാല് മെഗാവാട്ട് സൗരോർജ പദ്ധതിയിൽനിന്നുള്ള വൈദ്യുതിയും ഇപ്പോൾ ബാരാപോളിൽനിന്ന് ഉൽപാദിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.