ഇരിട്ടി: ജലനിരപ്പ് ഉയർന്നതോടെ ബാരോപോൾ ജലവൈദ്യുതി പദ്ധതിയിൽ വൈദ്യുതി ഉൽപാദനം തുടങ്ങി. കഴിഞ്ഞദിവസം അഞ്ച് മെഗാവാട്ടിന്റെ ഒരു ജനറേറ്റർ പകുതി അളവിൽ (2.5 മെഗാവാട്ട് ഉൽപാദനം) മാത്രമാണു പ്രവർത്തിപ്പിച്ചത്.
പുഴയിൽ നീരൊഴുക്കു വർധിക്കുന്നതനുസരിച്ച് എല്ലാ ജനറേറ്ററുകളും പ്രവർത്തിപ്പിക്കും. കഴിഞ്ഞ 15ന് പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിച്ചു തുടങ്ങിയെങ്കിലും 2.5 മെഗാവാട്ടിൽ താഴെ 55 മിനിറ്റ് മാത്രം പ്രവർത്തിപ്പിക്കാനുള്ള വെള്ളം മാത്രമേ ലഭിച്ചുള്ളൂ.
1800 യൂനിറ്റ് വൈദ്യുതിയാണ് ലഭിച്ചത്. കുറച്ചുകൂടി നീരൊഴുക്ക് ലഭിച്ചതിനാലാണു ഇന്നലെ 11.15ന് ഉൽപാദനം പുനരാരംഭിച്ചത്. കെ.എസ്.ഇ.ബി ജനറേഷൻ വിഭാഗം അസി. എൻജിനീയർ പി.എസ്.യദുലാൽ നേതൃത്വം നൽകി. കഴിഞ്ഞവർഷം ജൂലൈ ഏഴിനാണ് ഉൽപാദനം തുടങ്ങിയത്. കനാൽ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം ഉൽപാദനം വൈകിയിരുന്നു.
മഴ കുറയുകയും തുലാവർഷം മോശമാകുകയുംകൂടി ചെയ്തതിനാൽ കഴിഞ്ഞ വർഷം 35.07 ദശ ലക്ഷം യൂനിറ്റ് വൈദ്യുതിയാണു ആകെ ഉൽപാദിപ്പിക്കാനായത്. അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് ബാരാപോളിൽ ഉള്ളത്. മഴ ഇതേനിലയിൽ തുടർന്നാൽ മൂന്ന് ജനറേറ്ററും ഒരാഴ്ചക്കകം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.
കർണാടകയുടെ കുടക് -ബ്രഹ്മഗിരി വന്യജീവി സങ്കേത മലനിരകളിൽനിന്ന് ഉൽഭവിച്ചു എത്തുന്ന ബാരാപോൾ പുഴയിൽനിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ജലവൈദ്യുതി പദ്ധതിയുടെ മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.