ഇരിട്ടി: വിവിധ ഇടങ്ങളിൽ താമസിച്ച് അവിടെയുള്ള ആളുകളുമായി സൗഹൃദം സ്ഥാപിച്ച് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി മുങ്ങുന്നയാളെ ആറളം പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട മുട്ടത്ത് ഹൗസിൽ സുനിൽ ജോസ് (53) ആണ് ആറളം പൊലീസിന്റെ പിടിയിലായത്.
ചെടിക്കുളം സ്വദേശിക്ക് യു.കെയിൽ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് 2,60,000 വാങ്ങിച്ച് കബളിപ്പിച്ച കേസിലാണ് ഇയാൾ ആറളം പൊലീസിന്റെ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊരട്ടി, പാലാ, കൊടകര, പുൽപ്പള്ളി, കരിക്കോട്ടക്കരി, മാള തുടങ്ങിയ സ്റ്റേഷനുകളിലും സമാനമായ തട്ടിപ്പുകളിൽ ഇയാൾക്കെതിരെ കേസുള്ളതായി മനസ്സിലായത്.
പത്തോളം സിം കാർഡുകൾ ഇയാൾ ഉപയോഗിക്കുന്നതിനാലും പെൺ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതും മൂലം ഇയാളെ പിടികൂടാൻ പൊലീസിന് പ്രയാസമായിരുന്നു. ഒടുവിൽ ഉപയോഗിച്ച ഒരു ഫോൺ നമ്പർ പിന്തുടർന്നാണ് സൈബർസെല്ലിന്റെ സഹായത്തോടെ ആറളം എസ്.എച്ച്.ഒ ആഡ്രിക്ക് ഗ്രോമിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ തൃശൂരിൽനിന്ന് അറസ്റ്റു ചെയ്തത്.
തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് പെൺ സുഹൃത്തുമൊത്ത് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ആഡംബരമായി ജീവിക്കുന്നതാണ് ഇയാളുടെ ശീലമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.