മാക്കൂട്ടം ചുരംപാത: യാത്രവാഹനങ്ങൾ ഓടാൻ രണ്ടുദിവസംകൂടി വൈകും

ഇരിട്ടി: അന്തർസംസ്ഥാന യാത്രക്കാർക്ക് ഏറെ പ്രതീക്ഷ നൽകി മാക്കൂട്ടം ചുരംപാത നാലു മാസത്തിനുശേഷം തുറന്നെങ്കിലും യാത്രവാഹനങ്ങൾക്കുള്ള അനുമതി രണ്ടു ദിവസം കൂടി വൈകും. ഞായറാഴ്​ച ഉച്ചക്കുശേഷം മുതൽ ചരക്കുവാഹനങ്ങൾക്കുള്ള നിയന്ത്രണം കേരളം പിൻവലിച്ചിരുന്നു. കോവിഡ് ജാഗ്രത പോർട്ടലിൽ കൂട്ടുപുഴ അതിർത്തി ചെക്ക്പോസ്​റ്റ്​ ഉൾപ്പെടാത്തതിനാൽ അതിർത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനുള്ള സംവിധാനമില്ല. അതിനാലാണ്​ യാത്രവാഹനങ്ങൾക്കുള്ള അനുമതി നിഷേധിച്ചത്.

ജാഗ്രത പോർട്ടലിൽ മാക്കൂട്ടം ചുരം അന്തർസംസ്ഥാന പാതയെ തിങ്കളാഴ്​ച ഉൾപ്പെടുത്തി പാസ് അനുവദിച്ചെങ്കിലും പരിശോധനകേന്ദ്രം സ്ഥാപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോൾ ചരക്ക് വാഹനങ്ങൾ ആരോഗ്യ വകുപ്പും പൊലീസും പരിശോധിക്കുന്നത് കൂട്ടുപുഴയിൽ താൽക്കാലിക സംവിധാനം ഒരുക്കിയാണ്. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്ത് വരുന്നവരെ പരിശോധിക്കാൻ വിപുലമായ സംവിധാനം വേണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ജോലിക്ക് ഹാജരാകേണ്ടിവരുമ്പോൾ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു സംവിധാനവും അതിർത്തിയിൽ ഇല്ല.

കിളിയന്തറ ചെക്ക്പോസ്​റ്റിൽ ഇത്തരം സംവിധാനം ഒരുക്കാനായിരുന്നു ജില്ല ഭരണകൂടം ആദ്യം തീരുമാനിച്ചത്. കിളിയന്തറയിൽ ഇത്തരം സംവിധാനം ഒരുക്കിയാൽ കൂട്ടുപുഴ പാലം കടന്നുവരുന്ന യാത്രക്കാർക്ക് പേരട്ട വഴിയും കച്ചേരിക്കടവ് പാലം വഴിയും കിളിയന്തറയിൽ തന്നെയുള്ള മറ്റൊരു ഗ്രാമീണ റോഡുവഴിയും ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും. ഇതുകൊണ്ട്​ കിളിയന്തറയിലെ പരിശോധനകൊണ്ട് കാര്യവുമുണ്ടാവില്ലെന്ന നിഗമനത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മറ്റു റോഡുകൾ വഴി പോകുന്നത് തടയാൻ ഈ റോഡുകൾ അടക്കണമെന്ന നിർദേശം ഉയർന്നെങ്കിലും തദ്ദേശ വാസികളുടെ പ്രതിഷേധത്തിനിടയാകുമെന്ന കാരണത്താൽ പരിഗണിച്ചില്ല.

രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കൂട്ടുപുഴയിൽ തന്നെ ഇതിനുള്ള സംവിധാനം ഒരുക്കാനാണ് ആലോചന. സംവിധാനം ഒരുക്കാൻ നിർമിതി കേന്ദ്രക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ബുധനാഴ്​ചയോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു.

കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്​റ്റ​ർ ചെയ്​ത് പാസ് അനുവദിച്ചാലും രാത്രിയാത്ര തൽക്കാലം അനുവദിക്കേണ്ടെന്നാണ് ജില്ല ഭരണകൂടത്തി​െൻറ തീരുമാനം. ഇക്കാര്യം നേരത്തേതന്നെ കുടക് ജില്ല ഭരണകൂടത്തെ അറിയിച്ചിരുന്നു. കാലവർഷംമൂലം ചുരം റോഡിൽ ഉണ്ടാകാൻ ഇടയുള്ള അപകടസാധ്യത കൂടി കണക്കിലെടുത്താണ് തീരുമാനം.

കഴിഞ്ഞ ദിവസത്തെ മഴയത്ത് ചുരം റോഡിലെ മേമനക്കൊല്ലിയിൽ ചെറിയൊരു ഭാഗം ഇടിഞ്ഞ് കൊക്കയിലേക്ക് താഴ്ന്നിരുന്നു. വീരാജ്‌പേട്ട പൊതുമരാമത്ത് അധികൃതർ തിങ്കളാഴ്​ച റോഡിൽ പരിശോധന നടത്തി അടിയന്തര അറ്റകുറ്റപ്പണികൾക്കുള്ള രൂപരേഖയുണ്ടാക്കി.

സണ്ണി ജോസഫ് എം.എൽ.എ അതിർത്തിയിൽ എത്തി നിലവിലുള്ള സൗകര്യങ്ങൾ പരിശോധിച്ചു. യാത്രവാഹനങ്ങൾ കടത്തിവിടാനുള്ള സംവിധനം ഉടൻ ഉണ്ടാക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 

Tags:    
News Summary - makkoottam pass way;two more days to run passenger vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.