ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചുള്ള കർണാടക പൊലീസിന്റെ രണ്ടാഴ്ച നീണ്ട അന്വേഷണത്തിനിടയിലും കൊല്ലപ്പെട്ട യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ സംബന്ധിച്ച പ്രാഥമിക വിവരം പോലും കണ്ടെത്താനാകാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്.
യുവതിയുടെ കൊലപാതകവുമായി പൊലീസിന് ആകെ ലഭ്യമായ തെളിവുകൾ മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച ട്രോളിബാഗും യുവതിയുടെ ദേഹത്തുണ്ടായിരുന്ന ചുരിദാറുമാണ്.
നിലവിൽ കർണാടകയിലെ കാണാതായ യുവതികളെ കേന്ദ്രീകരിച്ച് മാത്രമാണ് വിരാജ്പേട്ട പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും നേതൃത്വത്തിലുള്ള അന്വേഷണം. കഴിഞ്ഞ 18നാണ് പെരുമ്പാടി ചെക്ക് പോസ്റ്റിനടുത്ത് മാക്കൂട്ടം വനമേഖലയിലെ കൊടുംവളവിലെ കൊല്ലിയിൽ മൃതദേഹം കണ്ടെത്തിയത്.
മാക്കൂട്ടം കേരളത്തോട് ചേർന്ന പ്രദേശമായതിനാലും പെരുമ്പാടി ചെക്ക് പോസ്റ്റ് വഴി മൃതദേഹം കൊണ്ടുവരാനുള്ള സാധ്യതയില്ലെന്ന നിഗമനത്തിലും കേരളത്തിലെ കണ്ണൂർ, വയനാട് ജില്ല കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഇതിന്റെ ഭാഗമായി ആഗസ്റ്റ് 28ന് കണ്ണവത്തു നിന്നും കാണാതായ യുവതിയുടെ തിരോധാനവും മാക്കൂട്ടത്തെ യുവതിയുടെ കൊലപാതകവും തമ്മിൽ സാമാനതയുണ്ടെന്ന നിഗമനത്തിൽ ഇതുസംബന്ധിച്ച അന്വേഷണം ഊർജിതമാക്കുകയും കാണാതായ യുവതിയുടെ ഡി.എൻ.എ പരിശോധനക്കായി മാതാവിന്റെ രക്തസാമ്പിൾ ശേഖരിച്ച് കോടതിയുടെ അനുമതി കാത്തു നിൽക്കുമ്പോഴാണ് പേരാവൂരിലെ കാമുകന്റെ വീട്ടിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തിയത്. ഇതോടെയാണ് അന്വേഷണ സംഘം വീണ്ടും കർണാടകയിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്.
ഇതിന്റെ ഭാഗമായി സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യാജ നമ്പർ പതിപ്പിച്ച ഇന്നോവ വാഹനം ചുരം പാതവഴി സഞ്ചരിച്ചതായി കണ്ടെത്തിയെങ്കിലും ഈ വാഹനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
മൊബൈൽ റേഞ്ച് ഇല്ലാത്ത വനമേഖലയായതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണവും വേണ്ടത്ര പുരോഗമിച്ചിട്ടില്ല. ഈ സാഹചര്യം മുൻനിർത്തിയാണ് മൈസൂരു, ബംഗളൂരു, മാണ്ഡ്യ, ഹുൻസൂർ, തുടങ്ങി കർണാടകയിലെ പ്രധാന പ്രദേശങ്ങളിലും ഉൾഗ്രാമങ്ങളിലും ഉൾപ്പെടെ കാണാതായ യുവതികളെ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുകയാണ്.
ഇതോടൊപ്പം മാക്കൂട്ടത്തെയും കുടകിലെയും എസ്റ്റേറ്റ് തൊഴിലാളികളെക്കുറിച്ചും ഇവിടെ കാണാതായ യുവതികളെക്കുറിച്ചും പൊലിസ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ പൊലീസിന് കേന്ദ്രീകൃത അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. മരിച്ചത് ആരാണെന്ന് കണ്ടെത്തിയാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുരോഗതി കണ്ടെത്താൻ സാധിക്കൂ എന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.