കണ്ണൂർ: വാൽനക്ഷത്രം കണക്കെ കടലാഴങ്ങളിൽ നീന്തിനടക്കുന്ന ജെല്ലിഫിഷിെൻറ വില്ലത്തരങ്ങളൊന്നും കുഞ്ഞു ഡാരിയെ പിന്തിരിപ്പിച്ചില്ല. ജെല്ലിയുടെ ജലാവരണത്തിനുള്ളിലെ കട്ടികൂടിയ ദ്രാവകം ദേഹത്തുവീണ് പൊള്ളുന്ന വേദനയും ചൊറിച്ചിലും കാര്യമാക്കാതെ ആറുവയസ്സുകാരൻ ബി. ഡാരിയസ് പ്രഭു നീന്തിക്കയറിയത് നാലുകിലോമീറ്ററാണ്. ജീവൻരക്ഷ സന്ദേശവുമായി 60കാരൻ കതിരൂരിലെ റിട്ട. ഗവ. പ്യൂൺ ഇ. വിജയനൊപ്പമാണ് കുഞ്ഞുനീന്തൽതാരം വെള്ളിയാഴ്ച രാവിലെ പയ്യാമ്പലം കടലിൽ നീന്തിയത്. ബോട്ടിൽ മൂന്നുകിലോമീറ്റർ കടലിനുള്ളിലേക്ക് പോയശേഷമാണ് വെള്ളത്തിലിറങ്ങിയത്. നീന്തൽ തുടങ്ങി കഷ്ടിച്ച് 100 മീറ്റർ പിന്നിട്ടപ്പോൾ തന്നെ ജെല്ലിഫിഷ് വില്ലനായെത്തി. കൂട്ടമായെത്തിയ റെഡ് ജെല്ലി ഫിഷുകളെ തട്ടി ഡാനിഷിന് നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടു. തുടർന്ന് ഒപ്പം നീന്തിയ പരിശീലകനും ലൈഫ് ഗാർഡുമായ ചാൾസനും പിതാവ് കന്യാകുമാരി സ്വദേശിയും ഏഴിമല നാവിക അക്കാദമിയിലെ പ്രിന്‍സിപ്പല്‍ മെഡിക്കൽ ഓഫിസറുമായ ലഫ്റ്റനൻറ് കമാൻഡൻറ് ബിനേഷ് പ്രഭുവും ചേർന്ന് ഡാരിയസിനെ ബോട്ടിലേക്ക് കയറ്റി. ഭയത്തോടെ അമ്മ ചിത്രയുടെ മടിയിലേക്ക് ചാഞ്ഞെങ്കിലും അൽപസമയത്തിനുള്ളിൽ ധൈര്യം സംഭരിച്ച് കുഞ്ഞു ഡാരിയസ് നീന്തൽ പുനരാരംഭിച്ചു. ഒന്നരമീറ്ററോളം ഉയർന്ന തിരമാലകളെ മറികടന്ന് ബീച്ചിന് സമാന്തരമായി നീന്തി നാലുകിലോമീറ്ററോളം പിന്നിട്ടശേഷമാണ് കരയിലെത്തിയത്. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനെൻറ നേതൃത്വത്തിലുള്ളവർ കരയിൽ സ്വീകരിക്കാനെത്തിയിരുന്നു. പരിശീലനത്തിെൻറ ഭാഗമായി നേരത്തെ എട്ടിക്കുളം കടലിൽ നീന്തിയപ്പോൾ 800 മീറ്റർ പിന്നിട്ടപ്പോഴും ഡാരിയസിന് ജെല്ലിഫിഷ് ഭീഷണിയുണ്ടായിരുന്നു. 16 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് കടലിൽ നീന്തിയത്.
ഒരു വീട്ടിൽ ഒരു കാവൽ മാലാഖ എന്ന സന്ദേശവുമായി എല്ലാവരും നീന്തൽ പഠിക്കുക, ഒരുവീട്ടിൽ ഒരാളെങ്കിലും രക്ഷാപ്രവർത്തകനാവുക എന്നീ ആശയവുമായി ചാൾസൻ സ്വിമ്മിങ് അക്കാദമി നടത്തുന്ന ജലസുരക്ഷ കാമ്പയിെൻറ ഭാഗമായാണ് നീന്തൽ പ്രകടനം സംഘടിപ്പിച്ചത്. കടൽ നീന്തലിന് സുരക്ഷയൊരുക്കാൻ രണ്ട് ബോട്ടുകൾ, അഞ്ച് ലൈഫ് ഗാർഡുകൾ, മെഡിക്കൽ ടീം എന്നിവ ഒരുക്കിയിരുന്നു. കോസ്റ്റൽ പൊലീസും സുരക്ഷയൊരുക്കിയിരുന്നു. ഏഴിമല നേവല്‍ ചിൽഡ്രൻസ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ഡാരിയസ് നേരത്തെ പെരുമ്പ പുഴ നാലുപ്രാവശ്യം കുറുകെ നീന്തിക്കടന്നിരുന്നു. കടലിനുള്ളിലേക്ക് മൂന്ന് കിലോമീറ്റർ ബോട്ടിലെത്തി ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയാണ് രാവിലെ ഏഴിന് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തത്. 8.10ന് പയ്യാമ്പലം തീരത്ത് നീന്തല്‍ അവസാനിച്ചപ്പോള്‍ മേയര്‍ക്കൊപ്പം സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് കെ.കെ. പവിത്രന്, സാഹസിക അക്കാദമി സ്പെഷല്‍ ഓഫിസര്‍ പി. പ്രണിത എന്നിവര്‍ ചേര്‍ന്ന് നീന്തൽ താരങ്ങളെ സ്വീകരിച്ചു.
കണ്ണൂർ തീരത്ത് റെഡ് ജെല്ലിഫിഷുകൾ വർധിക്കുന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. എട്ട് വർഷം മുമ്പ് വരെ ആയിരം വൈറ്റ് ജെല്ലിഫിഷുകളെ കാണുേമ്പാൾ മാത്രമാണ് ഒന്നോ രണ്ടോ റെഡ് ജെല്ലിഫിഷുകളെ കണ്ടിരുന്നത്. ഇപ്പോൾ തീരങ്ങളിലടക്കം കൂട്ടമായി ഇവയെ കാണുന്നു. പുഴകളിലും ജെല്ലിഫിഷിെൻറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വലയിൽ കുടുങ്ങിയാൽ എടുത്തുമാറ്റാൻ ബുദ്ധിമുട്ടും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും ഇവ വെല്ലുവിളിയാണ്. പഴയങ്ങാടിയിലടക്കം ജെല്ലിഫിഷുകൾ കുടുങ്ങി ഉയർത്താനാവാത്ത മീൻവലകൾ മത്സ്യത്തൊഴിലാളികൾ ഉപേക്ഷിച്ചിരുന്നു. ശരീരത്തിൽ തൊട്ടാൽ ചൊറിയുമെന്നുള്ളതുകൊണ്ട് കടൽ ചൊറി എന്ന പേരിലും ജെല്ലിഫിഷുകൾ അറിയപ്പെടുന്നു. തുറന്നുവെച്ച കുടയുടെ ആകൃതിയിലുള്ള ഉടലും താഴേക്ക് നീണ്ടു കിടക്കുന്ന ടെൻറക്കിളുകളും ഉൾപ്പെടുന്നതാണ് ഇവയുടെ രൂപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.