കേളകം: മലയോരത്ത് കാട്ടുപന്നിശല്യം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതുവരെ ശല്യമില്ലാതിരുന്ന പ്രദേശങ്ങളിൽവരെ കാട്ടുപന്നികളെത്തി കൃഷി നശിപ്പിക്കുകയാണ്. അധ്വാനിച്ച് നട്ടുവളർത്തിയ കാർഷികവിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് മലയോരജനത. കേളകം, കണിച്ചാർ, കൊട്ടിയൂർ, ആറളം, കോളയാട് ,അയ്യം കുന്ന് പഞ്ചായത്തുകളുടെ മലയോര പ്രദേശങ്ങൾക്കുപുറമെ ജനവാസ കേന്ദ്രങ്ങളിൽ വരെ കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുമ്പോൾ ഭീതിയിലാണ് കർഷകർ. സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. രാത്രിയായാൽ ജനവാസ മേഖലയിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വാഹനയാത്രക്കാർക്കും പേടി സ്വപ്നം. നിരവധി ഇരുചക്രവാഹനയാത്രക്കാർ ഇതിനിടെ അപകടത്തിൽ പെട്ടു. ആഴ്ചകൾക്ക് മുമ്പ് ചെട്ടിയാംപറമ്പിലെ കർഷകന്റെ കൃഷിയിടത്തിൽ കാട്ടുപന്നികൾ വിളനാശം വരുത്തിയതിനെ തുടർന്ന് കർഷകൻ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പ്രദേശത്തെ കാട്ടുപന്നിവേട്ടക്ക് ലൈസൻസുള്ള തോക്കുള്ള പരിശീലനം നേടിയവരെ നിയോഗിച്ചിരുന്നു. എന്നാൽ, നടപടി ദിവസങ്ങൾക്കകം നിലച്ചു.
കേളകത്തിന്റെ മലയോര പ്രദേശങ്ങളായ ശാന്തിഗിരി, രാമച്ചി മോസ്കോ, കരിയം കാപ്, അടക്കാത്തോട്, തുള്ളൽ, ചെട്ടിയാം പറമ്പ, വെണ്ടേക്കുംചാൽ തുടങ്ങിയ പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് നിത്യസംഭവമായിട്ടും വനം വകുപ്പോ, പഞ്ചായത്ത് അധികൃതരോ നടപടിയെടുക്കാത്തതിൽ രോഷാകുലരായ കർഷകർ പ്രക്ഷോഭത്തിനൊരുക്കത്തിലാണ്.
വിളനാശത്തിന് അടിയന്തരമായി സർക്കാർ നഷ്ട പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. വിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിച്ചാൽ കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരംപോലും ലഭിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. കൃഷിയിടത്തിലെത്തുന്ന കാട്ടു പന്നികളെ കൊന്നൊടുക്കാനും നടപടി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.