മട്ടന്നൂര്‍: മട്ടന്നൂരില്‍ നിര്‍മിക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. 15 കോടിയോളം രൂപ ചെലവഴിച്ചാണ് പഴശ്ശി കന്നാട്ടുംകാവില്‍ ആയുര്‍വേദ ആശുപത്രി നിര്‍മിക്കുന്നത്. 50 കിടക്കകളുള്ള ആശുപത്രി എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയാണ് നിര്‍മിക്കുന്നത്. ഒമ്പതു കോടി രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. കെ.കെ. ശൈലജ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യ രംഗത്തിന് കരുത്തേകാന്‍ ആയുര്‍വേദ ആശുപത്രി അനുവദിച്ചത്. മൂന്നു നിലകളിലായി നിര്‍മിക്കുന്ന ആശുപത്രി ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സെന്റര്‍ എന്ന നിലയില്‍ ഉയര്‍ത്താനും പദ്ധതിയുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ആയുര്‍വേദ ആശുപത്രിക്ക് രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി രണ്ടു കോടി രൂപ അനുവദിച്ചിരുന്നു.
രണ്ടാംഘട്ട നിര്‍മാണത്തിനുള്ള വിശദ പദ്ധതിരേഖയും സമര്‍പ്പിച്ചിട്ടുണ്ട്. ആയുര്‍വേദത്തിന്റെ പരമ്പരാഗത ചികിത്സ രീതികള്‍ക്കൊപ്പം തന്നെ അധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമാണ് ആശുപത്രിയില്‍ ലഭ്യമാക്കുക. മട്ടന്നൂര്‍ നഗരത്തില്‍ സര്‍ക്കാര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുമ്പോഴാണ് നാലു കിലോമീറ്റര്‍ അകലെ പഴശ്ശിയില്‍ ആയുര്‍വേദ ആശുപത്രിയും ഒരുങ്ങുന്നത്. രണ്ട് ആശുപത്രികളും യാഥാര്‍ഥ്യമാകുന്നതോടെ വിമാനത്താവള നഗരമായ മട്ടന്നൂരില്‍ ചികിത്സാരംഗത്തെ പോരായ്മകള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടേറെ പരാധീനതകള്‍ക്കിടയിലാണ് നിലവില്‍ മട്ടന്നൂരിലെ സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നത്.
മട്ടന്നൂരിലെ ആയുര്‍വേദ ആശുപത്രിയുടെ ആദ്യഘട്ട നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.കെ.ശൈലജ എം.എല്‍.എ അറിയിച്ചു. കിടത്തി ചികിത്സ ഉള്‍പ്പടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രിയാണ് ഒരുങ്ങുന്നത്. രണ്ടാംഘട്ട നിര്‍മാണത്തിന് എസ്റ്റിമേറ്റും നല്‍കിക്കഴിഞ്ഞു. ബജറ്റില്‍ വേണ്ട തുകയും അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ ആശുപത്രി പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.