ശ്രീകണ്ഠപുരം: നടുവില്‍ പഞ്ചായത്തില്‍ പുതിയ പ്രസിഡൻറിനെ കണ്ടെത്താന്‍ 10ന് തെരഞ്ഞെടുപ്പ് നടക്കും. പഞ്ചായത്ത് പ്രസിഡൻറായിരുന്ന ബേബി ഓടംപള്ളില്‍ സ്ഥാനം കഴിഞ്ഞയാഴ്ച രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. സി.പി.എം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡൻറായ ഡി.സി.സി ജനറല്‍ സെക്രട്ടറി ബേബി ഓടംപള്ളില്‍ കെ.പി.സി.സിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് രാജിവെച്ചത്.
10ന് മുമ്പായി ബേബിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും. കെ.പി.സി.സി പ്രസിഡൻറ് സുധാകരനുമായും കണ്ണൂര്‍ ഡി.സി.സിയുമായും അടുത്ത ബന്ധമാണ് ബേബി ഓടംപള്ളിക്കുള്ളത്. കഴിഞ്ഞ ദിവസം കരുവഞ്ചാലില്‍ ഒരു മരണവീട്ടില്‍ സണ്ണി ജോസഫ് എം.എൽ.എ വന്നത് ബേബിക്കൊപ്പമായിരുന്നു.
അടുത്ത ദിവസം തന്നെ ഡി.സി.സി നേതൃത്വം ബേബിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ബേബിയെ വീണ്ടും പ്രസിഡൻറാക്കുന്നതിനെതിരെ കരുവഞ്ചാല്‍, നടുവില്‍ മണ്ഡലം കോൺഗ്രസ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ഡി.സി.സിക്കും കെ.പി.സി.സി അച്ചടക്ക ചുമതലയുള്ള തിരുവഞ്ചൂർ രാധാകൃഷ്ണനും പരാതി നൽകിയിരുന്നു. എന്നാൽ, ഇതിനെതിരെ നടുവില്‍ മണ്ഡലം പ്രസിഡൻറ് തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നിട്ടുണ്ട്.
കോണ്‍ഗ്രസ് ഭാരവാഹികൾക്ക് മണ്ഡലം പ്രസിഡൻറ് ഷാജി പാണക്കുഴി അയച്ച വാട്സ്ആപ് സന്ദേശത്തില്‍ കെ.പി.സി.സി, ഡി.സി.സി തീരുമാനങ്ങള്‍ അംഗീകരിച്ചുപോകണമെന്നും ഇതിന് വിരുദ്ധമായ ഒരുനിലപാടും എടുക്കരുതെന്നുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 31ന് പ്രസിഡന്റ് അറിയാതെയാണ് യോഗം വിളിച്ചതെന്നും ഇനിയുള്ള യോഗം നേരിട്ട് അറിയിക്കുമെന്നും സന്ദേശത്തിലുണ്ട്. എ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റ് സുധാകരപക്ഷത്തേക്ക് മാറിയതിന്റെ സൂചനയും ഇതിലുടെ വ്യക്തമാവുന്നുണ്ട്. മണ്ഡലം ഭാരവാഹികള്‍ക്കും ബൂത്ത് പ്രസിഡന്റുമാർക്കുമാണ് ഈ സന്ദേശം അയച്ചിട്ടുള്ളത്. 10നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ഒമ്പതിനാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
വർഷങ്ങളായി കോൺഗ്രസ് ഭരണ കുത്തകയായിരുന്ന നടുവിൽ പഞ്ചായത്ത് കഴിഞ്ഞ തവണയും അവർക്ക് ലഭിച്ചെങ്കിലും ഗ്രൂപ്പുകളിയുടെ ഭാഗമായി സി.പി.എമ്മിന്റെ കൈയിലേക്ക് എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.