പാനൂർ (കണ്ണൂർ): പ്രസവാനന്തരം പാനൂരിൽ നവജാത ശിശു മരിക്കാനിടയായ സംഭവത്തിൽ പാനൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടറെയും ജീവനക്കാരിയെയും അന്വേഷണത്തിെൻറ ഭാഗമായി സ്ഥലം മാറ്റി. ഇവരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി.
കുഞ്ഞ് മരിക്കാനിടയായ സംഭവം അത്യന്തം ദൗർഭാഗ്യകരവും വേദനജനകവുമാണ്. മതിയായ ചികിത്സ ലഭ്യമാകാത്തതാണ് മരണകാരണമെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ സമഗ്രാന്വേഷണം നടത്തും. ആശുപത്രിയിലെ ജീവനക്കാർ കുറ്റക്കാരാണെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പാനൂർ പൊലീസ് സ്റ്റേഷന് സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സമീറക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടിൽവെച്ചുതന്നെ പ്രസവം നടന്നു. ഉടൻ പാനൂർ സി.എച്ച്.സിയിലെത്തി ഡോക്ടറോട് വരാൻ അഭ്യർഥിച്ചെങ്കിലും നിരസിച്ചുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. തുടർന്ന് വാക്കുതർക്കവും ബഹളവുമായി. പൊലീസും ഫയർഫോഴ്സ് അധികൃതരും ബന്ധപ്പെട്ടിട്ടും, കോവിഡ് നിയമങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ വീട്ടിലേക്ക് പോകാൻ തയാറായില്ല.
പിന്നീട് സമീപത്തെ ക്ലിനിക്കിൽ നിന്നും നഴ്സുമാരെത്തി പൊക്കിൾകൊടി മുറിച്ചുമാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടാംമാസത്തിലാണ് പ്രസവം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പാനൂരിൽ നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
കണ്ണൂർ: പാനൂരിൽ വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സ്ഥലം മാറ്റിയതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ), കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) കണ്ണൂർ ജില്ല കമ്മിറ്റികൾ പ്രതിഷേധിച്ചു. തലേദിവസം പ്രസവവേദന ആരംഭിച്ചിട്ടും ആശുപത്രിയുടെ അര കിലോമീറ്റർ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കാതെ അത്യാഹിതം സംഭവിച്ചപ്പോൾ, ഉത്തരവാദിത്തം നിർവഹിച്ച ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ബലിയാടാക്കരുതെന്ന് ഐ.എം.എ കണ്ണൂർ ജില്ല കമ്മിറ്റി ചെയർമാൻ ഡോ. ശശിധരനും കൺവീനർ ഡോ. രാജേഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.