പയ്യന്നൂർ: നിർദയം തെരുവിൽ തള്ളിയ തന്റെ യജമാനൻ തിരികെ വരുമെന്ന പ്രതീക്ഷയോടെ രാത്രിവരെയുള്ള മിണ്ടാപ്രാണിയുടെ കാത്തിരുപ്പ് വെറുതെയായി. എന്നാൽ, ഇൗ കരളലിയിക്കുന്ന വിവരമറിഞ്ഞ് മൃഗസ്നേഹികളായ ഏതാനും മനുഷ്യർ അവന് രക്ഷകരായെത്തി. ഉടമ നഗരമധ്യത്തിൽ ഉപേക്ഷിച്ച ലാബ്രഡോർ ഇനം നായ്ക്കാണ് പയ്യന്നൂരിലെ സാമൂഹിക പ്രവർത്തകൻ രാജീവൻ പച്ചയുടെ നേതൃത്വത്തിൽ തണലൊരുക്കിയത്. മൃഗസ്നേഹികളായ സുനിൽ, അഭിൻജിത്ത്, വിപിൻ, മിഥുൻ തുടങ്ങിയവരും സഹായികളായി.
അവശതയിലായ നായ്ക്ക് ഭക്ഷണം നൽകുകയും മൃഗാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകുകയും ചെയ്ത ശേഷം സുരഭി നഗറിലെ വിപിെൻറ വീട്ടിലേക്കു മാറ്റി. ഇവിടെ പുതിയ വീട്ടുകാരുടെ സ്നേഹവായ്പിൽ ഇണങ്ങിക്കഴിയുകയാണ് ഈ നായ്.
പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിനു സമീപം റോഡിൽ തള്ളി കടന്നു കളഞ്ഞ യജമാനനു വേണ്ടിയുള്ള നായുടെ കാത്തിരിപ്പ് നാട്ടുകാരിൽ വേദനയുണർത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് റോഡിൽ തള്ളി ഉടമ കടന്നത്. ഇറങ്ങാൻ വിസമ്മതിച്ച പട്ടിയെ കാലുകൊണ്ട് തള്ളി താഴെയിട്ട് ഓടിച്ചു പോവുകയായിരുന്നുവെന്ന് പറയുന്നു. അതേ സ്ഥലത്താണ് നായ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നത്. പ്രായമായതും രോമങ്ങൾ കൊഴിയാൻ തുടങ്ങിയതും മറ്റുമാണ് ഉപേക്ഷിക്കാൻ കാരണമെന്ന് കരുതുന്നു.
മാലിന്യം വലിച്ചെറിയുന്നതു പോലെ വളർത്തുമൃഗങ്ങളെയും തെരുവിൽ ഉപേക്ഷിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽ ജീവിച്ച ഇവ തെരുവിൽ ആഹാരം കണ്ടെത്താനാവാതെ നരകിച്ചു ചാവുകയാണ് പതിവ്. നഗരമധ്യത്തിൽ നായെ ഉപേക്ഷിച്ചവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാരും മൃഗസ്നേഹികളും ആവശ്യപ്പെട്ടു. ടൗണിലെ നിരീക്ഷണ കാമറ പരിശോധിച്ചാൽ ഓട്ടോ കണ്ടെത്താൻ സാധിക്കും. എന്നാൽ, ഇര മിണ്ടാപ്രാണിയായതിനാൽ അധികൃതർ മൗനം പാലിക്കാനാണ് സാധ്യതയെന്ന് മൃഗസ്നേഹികൾ പറയുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.