പഴയങ്ങാടി: യു.ഡി.എഫ് നിയന്ത്രണത്തിലുള്ള മാട്ടൂൽ സർവിസ് കോ-ഓപ് ബാങ്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമതരെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ നാമനിർദേശ പത്രിക നൽകി മത്സര രംഗത്ത് ഉറച്ചു നിൽക്കുന്ന അഞ്ചുപേരെയും നാമനിർദേശ പത്രിക നൽകുകയും എന്നാൽ, സാങ്കേതിക കാരണങ്ങളാൽ തള്ളിപ്പോവുകയും ചെയ്ത രണ്ട് പേരെയുമാണ് കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു.
മത്സരരംഗത്തുള്ള വിമതരായ കൊയിലേരിയൽ ജോസഫ്, ടി.പി. ജഗദീശൻ, കെ. അബ്ദുൽ ജലീൽ, കെ.എം. സമീർ, പുതിയവളപ്പിൽ അൽഫോൻസ, പത്രിക തള്ളപ്പെട്ട കെ. അബ്ദുറഹിമാൻ ഹാജി, ആരംഭൻ ശ്രീധരൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജില്ല കോൺഗ്രസ് കമ്മിറ്റി തീരുമാനം ലംഘിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെതിരിലാണ് ഇവർക്കെതിരെ നടപടിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.
6890 അംഗങ്ങളുള്ള ബാങ്കിന്റെ ഡയറക്ടർമാരായി അഞ്ച് ജനറൽ, രണ്ട് വനിത, 40 വയസ്സിൽ കുറവുള്ള വനിത, പുരുഷൻ വിഭാഗങ്ങളിൽ ഓരോന്നു വീതം നിക്ഷേപാടിസ്ഥാനത്തിലുള്ള സംവരണം -ഒന്ന്, പട്ടിക ജാതി -വർഗ സംവരണം -ഒന്ന് എന്നിങ്ങനെയാണ് ഡയറക്ടർ തസ്തിക. പട്ടികജാതി -വർഗ സംവരണത്തിൽ കോൺഗ്രസിലെ വി. മണികണ്ഠനും 40 വയസ്സിൽ കുറവുള്ള വനിത സംവരണത്തിൽ മുസ് ലിം ലീഗിലെ നിലാവുദിച്ച വളപ്പിൽ സമീറയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ശേഷിക്കുന്ന ഒമ്പത് ഡയറക്ടർമാരിൽ മുസ് ലിം ലീഗിന് നാല് ഡയറക്ടർമാരെയും കോൺഗ്രസിന് അഞ്ച് പേരെയുമാണ് ജയിപ്പിച്ചെടുക്കേണ്ടത്. ഇതിനിടയിലാണ് കോൺഗ്രസിന് വിമത സ്ഥാനാർഥികൾ പാരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.