പഴയങ്ങാടി: സംസ്ഥാനത്തെ ആദ്യത്തെ കല്ലുമ്മക്കായ-കടൽ മത്സ്യ വിത്തുൽപാദന ഹാച്ചറിയുടെ കെട്ടിടനിർമാണം പുതിയങ്ങാടിയിൽ പൂർത്തിയാവുന്നു. സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഹാച്ചറി വഴി പ്രതിവർഷം 50 ലക്ഷം കടൽ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.
പുതിയങ്ങാടിയിൽ നേരത്തേസംസ്ഥാന സർക്കാറിന്റെ ഐസ് പ്ലാന്റുണ്ടായിരുന്ന സ്ഥലത്താണ് കെട്ടിടം.കേരള തീരദേശ വികസന കോർപറേഷൻ മുഖേനയാണ് നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണം. കല്ലുമ്മക്കായ വിത്തിനും വിവിധ കടല്‍ മത്സ്യങ്ങളുടെ വിത്തുല്പാദനത്തിനും ഗുണമേന്മയുള്ള മത്സ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ഇത് ഏറെ സഹായകരമാകുമെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു.
കല്ലുമ്മക്കായ വിത്തുല്പാദനത്തിനാവശ്യമായ മോഡുലാര്‍ ഹാച്ചറി സൗകര്യങ്ങളും കടല്‍ മത്സ്യങ്ങളുടെ വിത്തുൽപാദനത്തിനും സംരക്ഷണത്തിനുമാവശ്യമായ ലൈവ് ഫീഡ് പ്രൊഡക്ഷന്‍ യൂനിറ്റ്, മത്സ്യങ്ങളുടെ സംരക്ഷണത്തിനും വിത്തുല്പാദനത്തിനും ആവശ്യമായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ലാര്‍വല്‍ റയറിങ് ടാങ്കുകള്‍, ലബോറട്ടറി സംവിധാനം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. ഈ വർഷം തന്നെ ഹാച്ചറി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പുതിയങ്ങാടിയിലെ മത്സ്യമേഖല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.