പേരാവൂർ: നിരാശയുടെ പടുകുഴിയിൽ കൊക്കോ കർഷകർ. കുതിച്ചുയർന്ന കൊക്കോവില കൂപ്പുകുത്തി. കർഷകനെ കൊതിപ്പിച്ച് കുതിച്ചുയർന്ന കൊക്കോവില ഉയർന്നപോലെത്തന്നെ കൂപ്പുകുത്തി. കൊക്കോ പച്ചബീൻസ് കിലോക്ക് 350ൽനിന്ന് 60ലേക്കും ആയിരത്തിനുമുകളിൽ വിലയുണ്ടായിരുന്ന ഉണക്കബീൻസ് 300ലേക്കുമാണ് താഴ്ന്നത്.
സംഭരണ ഏജൻസികൾ സീസണിൽ ഉൽപന്നം വൻതോതിൽ സംഭരിച്ചതും മഴക്കാലത്ത് കൊക്കോ ബീൻസിന്റെ ഗുണനിലവാരക്കുറവും വിലത്തകർച്ചക്കുള്ള കാരണങ്ങളാണ്. കൊക്കോയുടെ ഉയർന്നവിലയിൽ ഭ്രമിച്ച് കർഷകർ വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞപ്പോഴാണ് വിലത്തകർച്ച തിരിച്ചടിയായത്. കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ നഴ്സറികളിൽനിന്ന് വൻതോതിലാണ് കൊക്കോ തൈകൾ വിറ്റുപോയത്. കൊക്കോയുടെ ആഗോള ഉപഭോഗം വർധിക്കുന്നതിനാൽ കൊക്കോകൃഷി നഷ്ടക്കച്ചവടമാകില്ലെന്ന് കരുതിയാണ് ഒട്ടേറെപ്പേർ വീണ്ടും അതിലേക്ക് തിരിഞ്ഞത്. വില കുതിച്ചുയരുകയും കൊക്കോക്ക് ദൗർലഭ്യം നേരിടുകയും ചെയ്തതോടെ സംഭരണ ഏജൻസികൾ കർഷകരുടെ പക്കൽ നേരിട്ടെത്തി മാർക്കറ്റ് വിലയെക്കാൾ കൂടുതൽ നൽകിയാണ് ഏതാനും മാസങ്ങൾക്കുമുമ്പ് കൊക്കോ സംഭരിച്ചത്. നിരവധി ഏജൻസികളാണ് മലയോരമേഖലയിൽനിന്ന് വ്യാപകമായി കൊക്കോ സംഭരിച്ചത്. ഉൽപാദനം കുറവായിരുന്നെങ്കിലും സീസണിലെ അധികവില കൊക്കോ കർഷകർക്ക് വലിയനേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്. കൊക്കോതോട്ടങ്ങളിൽ മോഷണം തടയാൻ കാവലേർപ്പെടുത്തുകയും കായ തിന്നു നശിപ്പിക്കുന്ന മരപ്പട്ടികളുടെയും കുരങ്ങുകളുടെയും ശല്യമൊഴിവാക്കാൻ കർഷകർ പ്രത്യേക കരുതലെടുക്കുകയും ചെയ്തിരുന്നു.
1980കളിൽ വിലയിടിവിനെത്തുടർന്ന് കൊക്കോ വ്യാപകമായി വെട്ടിമാറ്റിയ മുന്നനുഭവം മലയോരകർഷകർക്കുണ്ട്. ഈ ഭയമുണ്ടെങ്കിലും കൊക്കോയുടെ വർധിച്ച ഉപയോഗവും ഉൽപന്നങ്ങളുടെ വൈവിധ്യവും ഭേദപ്പെട്ട വില നിലനിൽക്കാൻ ഇടയാക്കും എന്നുതന്നെയാണ് കർഷകരുടെ പ്രതീക്ഷയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.