പെരിങ്ങത്തൂർ: ബി.എം.എസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. പാനൂർ നഗരസഭ ബി.എം.എസ് കമ്മിറ്റി പ്രസിഡന്റ് പെരിങ്ങത്തൂർ ഗുരുജിമുക്കിന് സമീപം അക്കരാമ്മൽ അരുകുനിയിൽ മനോജിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടരയോടുകൂടിയാണ് തീവെച്ചത്.
കനത്ത പുക മുറിയിലേക്ക് വന്നപ്പോഴാണ് ഉറങ്ങിക്കിടന്ന മനോജിന്റെ കുടുംബം ഓട്ടോ കത്തുന്ന വിവരമറിഞ്ഞത്. വീടിന്റെ പിറകുവശത്തെ മുറ്റത്താണ് ഓട്ടോറിക്ഷ നിർത്തിയിരുന്നത്. ഓട്ടോ തിങ്കളാഴ്ച ഉച്ചക്ക് നിർത്തിയിട്ടതാണ്. മനോജ് വീട് തുറന്നു പുറത്തേക്ക് എത്തുമ്പോഴേക്കും ഓട്ടോറിക്ഷ കത്തി നശിച്ചിരുന്നു. മുറ്റത്തുവിരിച്ച ടാർപോളിനും ജനലും സമീപത്തെ വിറകുകളും കത്തി നശിച്ചു. മത്സ്യം വളർത്തിയിരുന്ന അക്വേറിയവും നശിച്ചു. ചൊക്ലി പൊലീസ് അന്വേഷണമാരംഭിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ബി.എം.എസ് പാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പ്രകടനം ഗുരുജിമുക്കിൽനിന്ന് ആരംഭിച്ച് പെരിങ്ങത്തൂരിൽ സമാപിച്ചു. ബി.എം.എസ് ജില്ല സെക്രട്ടറി എം. വേണുഗോപാൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. എം. രത്നാകരൻ അധ്യക്ഷത വഹിച്ചു. കെ.ടി.കെ. ബിനീഷ്, രാജൻ കനകശ്രീ എന്നിവർ സംസാരിച്ചു. ഇ. രാജേഷ്, കെ.പി. മഹേഷ്, പി.പി. രജിൽകുമാർ, എം.പി. പ്രജീഷ്, സി.പി. രാജീവൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.