പെരിങ്ങത്തൂർ: ഒരു കാലിന്റെ പാതി ഭാഗം മാത്രം സ്റ്റെപ്പിലോ സിഗ്നൽ ലൈറ്റിലോ വെച്ച് ഉറപ്പില്ലാതെ ജീപ്പിനു പിറകിൽ തൂങ്ങിയാടി വിദ്യാർഥികൾ പെരിങ്ങത്തൂർ ടൗണിലൂടെ യാത്ര ചെയ്യുന്നത് നിത്യ കാഴ്ചയാവുകയാണ്. പെരിങ്ങത്തൂർ -കായപ്പനിച്ചി - എടച്ചേരി റൂട്ടിൽ സാധാരണ കാണുന്ന കാഴ്ചയാണിത്. ഈ പ്രദേശങ്ങളിൽനിന്നെത്തുന്ന പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇത്തരത്തിൽ സഞ്ചരിക്കാൻ നിർബന്ധിതരാവുന്നത്.
പെരിങ്ങത്തൂർ ടൗണിൽനിന്ന് ഈ ഭാഗങ്ങളിലേക്ക് ബസില്ല. സാധാരണ യാത്രക്കാരുടെ ഏക ആശ്രയം ജീപ്പുകളും അത്യാവശ്യം മാത്രമോടുന്ന ടാക്സി ഓട്ടോകളുമാണ്. ഒരു ജീപ്പ് സ്റ്റാൻഡ് വിട്ടുപോയാൽ പിന്നെ മണിക്കൂറുകളോളം അടുത്ത ജീപ്പിനുവേണ്ടി കാത്തിരിക്കേണ്ടിവരുന്നതിനാൽ ഇതൊഴിവാക്കാനായി എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതി എന്ന ചിന്തയിലാണ് വിദ്യാർഥികൾ ഇത്തരത്തിൽ സഞ്ചരിക്കുന്നത്. അപകടം മുന്നിൽ കണ്ട് ഇതു തടയാനുള്ള ജീപ്പ് ഡ്രൈവർമാരുടെ ശ്രമം വിദ്യാർഥികൾ ചെവിക്കൊള്ളാറുമില്ല. കഴിഞ്ഞ ദിവസം നാട്ടുകാർ വിദ്യാർഥികളുടെ ഇത്തരത്തിലുള്ള യാത്ര ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിപ്പിക്കുകയും നിയമപാലകരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തതോടെ ഒരു ജീപ്പ് ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇത്തരം യാത്രകൾ ഒഴിവാക്കാനായി സ്കൂൾ ബസുകൾ ഓടുന്നുണ്ടെങ്കിലും മുതിർന്ന വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നില്ല. ബസുകൾ എടച്ചേരി നോർത്ത് വരെ മാത്രമേ പോകുന്നുള്ളൂ എന്ന ആക്ഷേപവും വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്. എടച്ചേരി- പുതിയങ്ങാടി- പുറമേരി വരെയുള്ള കുട്ടികൾ എത്തുന്ന സ്കൂളിൽ ബസ് സൗകര്യം വിപുലപ്പെടുത്തണമെന്നും രക്ഷിതാക്കളുമായി ബന്ധപ്പെട്ട് ഇത്തരം റൂട്ടുകളിൽനിന്ന് വരുന്ന വിദ്യാർഥികൾ നിർബന്ധമായും ബസ് സർവിസ് ഉപയോഗപ്പെടുത്താനുള്ള ഇടപെടൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. യാത്രാദുരിതം പരിഹരിക്കാൻ ഈ പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസുകൾ അനുവദിക്കണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.