പെരിങ്ങത്തൂർ: ആൾമറയില്ലാത്ത കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്താൻ താമസിപ്പിച്ചെന്നാരോപിച്ച് കണ്ണവം റേഞ്ച് ഓഫിസർക്കെതിരെ അന്വേഷണം നടത്തണമെന്നും പുലിയെ റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് പെരിങ്ങത്തൂർ യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായ ഹമീദ് കിടഞ്ഞി നൽകിയ പരാതിയിന്മേൽ അന്വേഷണം തുടങ്ങി.
അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഫോറസ്റ്റ് വിജിലൻസ് വിങിന് നൽകിയ പരാതിയിലാണ് കണ്ണൂർ ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. കിണറ്റിൽ നിന്ന് പുലിയുടെ കഴുത്തിൽ കയർ കുരുക്കി വലയിലാക്കുകയും കിണറ്റിന്റെ മധ്യേ ഭാഗത്ത് എത്തിച്ച് മയക്കുവടി വെച്ചും മുകളിലെത്തിച്ച് വീണ്ടും മയക്കു ഇഞ്ചക്ഷൻ വെക്കുകയും ചെയ്തു. 18 മണിക്കൂറോളം കിണറ്റിൽ അകപ്പെട്ട പുലിക്ക് ഒരുവിധ പരുക്കും ഉണ്ടായിട്ടില്ല. മയക്കുവെടി വെക്കുന്നതുവരെ പുലി ശൗര്യം കാണിച്ചതായും സമയബന്ധിതമായി ചികിത്സ കിട്ടാതാവുകയും ഉച്ചക്ക് മുമ്പ് പുലിയെ പുറത്തെടുക്കാൻ ശ്രമിക്കാത്തതായും പരാതിയിൽ പറയുന്നു.
അന്വേഷണ സംഘം പുലി കിണറ്റിൽ വീണ പരിസരവും സന്ദർശിച്ചു. കഴിഞ്ഞ 29നാണ് അണിയാരം മലാൽ സുനീഷിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ കിണറ്റിൽ പുലി വീണത്. എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുലിയെ കിണറ്റിന് പുറത്തെത്തിച്ചത്. പുലിയെ വയനാടിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് കണ്ണവത്ത് വെച്ച് ചത്തത്. കിണറ്റിൽ വീഴുന്നതിനിടയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.