തലശ്ശേരി: കലോത്സവം കാണാനും കൂടാനും പൂതിയുള്ളവർക്ക് ഇന്നും കൂടി തലശ്ശേരിയിലേക്ക് സ്വാഗതം. ഒപ്പനയും ചാക്യാർകൂത്തും കുച്ചുപ്പുടിയും കൂട്ടത്തിൽ അറബിക്കടലും കോട്ടയും കണ്ട് മടങ്ങാം. കലോത്സവത്തിന്റെ നാലാം നാളായ വെള്ളിയാഴ്ചയും പൊളിയായിരുന്നു.
ഭരതനാട്യവും മിമിക്രിയും കൈയടിക്കാൻ ആളെക്കൂട്ടി. മൂകാഭിനയത്തിൽ കാലികപ്രസക്തിയുള്ള വിഷയങ്ങൾക്കും കൈയടി. മത്സരങ്ങൾ തുടങ്ങുന്നതിലുള്ള അൽപസ്വൽപം കാത്തിരിപ്പുകളും പ്രതിഷേധങ്ങളും ഒഴിച്ചാൽ കലോത്സവം കളർഫുൾ.
സമാപന ദിവസമായ ശനിയാഴ്ച 17 വേദികളിൽ മത്സരങ്ങൾ അരങ്ങേറും. ഗ്ലാമർ ഇനങ്ങളായ ഒപ്പനക്കും ഭരതനാട്യത്തിനും ചവിട്ടു നാടകത്തിനുമെല്ലാം നിറഞ്ഞ സദസ്സാണ് പ്രതീക്ഷിക്കുന്നത്.
അംഗപരിമിതിയുള്ളവളാണ് അനന്യ. എന്നാൽ, കലാരംഗത്ത് മിടുക്കിയാണ്. പ്രതിസന്ധികൾ മറികടന്നാണ് അവൾ ജില്ല കലോത്സവത്തിൽ മത്സരിക്കാനെത്തിയത്. മത്സരം കഴിഞ്ഞ നാലിനങ്ങളിൽ മൂന്നിലും എ ഗ്രേഡ് നേടി. ജീവിത പ്രതിസന്ധികൾക്കിടയിലും മകൾ നല്ലൊരു കലാകാരിയായി കാണാനുള്ള വാരം കല്ലേൻ ഹൗസിൽ കൂലിപ്പണിക്കാരനായ എം. പുഷ്പന്റെയും കെ. പ്രജിതയുടെയും ആഗ്രഹമാണ് ഈ നേട്ടത്തിന് പിന്നിൽ.
ജന്മനാ കാഴ്ചവൈകല്യമുള്ള അനന്യക്ക് അരക്കും ശേഷിക്കുറവുണ്ട്. എളയാവൂർ സി.എച്ച് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അഷ്ടപതി, സംസ്കൃത ഗാനാലാപനം, കന്നട കവിത, മാപ്പിളപ്പാട്ട് എന്നിങ്ങനെ നാല് ഇനങ്ങളിലാണ് മത്സരിച്ചത്. മാപ്പിളപ്പാട്ട് ഒഴികെ മൂന്നിലും എ ഗ്രേഡ്. ശനിയാഴ്ച ഉർദു സംഘഗാന മത്സരം നടക്കാനുണ്ട്. വൈകല്യങ്ങളെ ഊർജമാക്കിയാണ് അനന്യ പാടുന്നത്. സഹോദരി അതുല്യ നിഴലുപോലെ ഒപ്പമുണ്ട്. ആറ് വയസ്സു മുതൽ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. വിനയ കൃഷ്ണൻ, ഷമീർ ബാബു എന്നിവരുടെ കീഴിലാണ് പരിശീലനം. വെള്ളം സിനിമയിലും അനന്യ പാടിയിട്ടുണ്ട്.
തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ നാല് ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 727 പോയന്റുമായി കണ്ണൂർ നോർത്ത് മുന്നിൽ. പയ്യന്നൂരാണ് രണ്ടാമത് - 654 പോയന്റ്. 637 പോയന്റുമായി പാനൂരാണ് മൂന്നാം സ്ഥാനത്ത്. 627 പോയന്റുമായി തളിപ്പറമ്പ് നോർത്തും 625 പോയന്റുമായി ഇരിട്ടിയും പിന്നാലെയുണ്ട്. സ്കൂളുകളിൽ മമ്പറം ഹയർ സെക്കൻഡറിയും മൊകേരി രാജീവ് ഗാന്ധിയും പോരാട്ടം കടുപ്പിക്കുകയാണ്. മമ്പറം ഹയർസെക്കൻഡറി - 262, മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് - 250, പെരളശ്ശേരി എ.കെ.ജി. എസ്.എച്ച്.എസ്.എസ് - 213, ചൊക്ലി രാമവിലാസം - 208, കണ്ണൂർ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് - 181 എന്നിങ്ങനെയാണ് പോയന്റ് നില. ശനിയാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.