കണ്ണൂർ: ട്രാക്കിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയോടിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. മാഹിക്കും വടകരക്കും ഇടയിൽ ഇടവിട്ട ദിവസങ്ങളിൽ ട്രാക്കിൽ പ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിനുകൾ കണ്ണൂർ, എടക്കാട്, തലശ്ശേരി, മാഹി സ്റ്റേഷനുകളിൽ ഏറെനേരം പിടിച്ചിട്ടത്.
ഞായറാഴ്ച രാത്രിയിലെ വണ്ടികളാണ് വൈകിയോടിയത്. രാത്രി 8.37ന് മാഹിയിലെത്തിയ മാവേലി എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. 9.25ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട മലബാർ എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ട് രണ്ട് മണിക്കൂർ വൈകി 11.34നാണ് തലശ്ശേരിയിലെത്തിയത്. രണ്ടര മണിക്കൂർ വൈകിയാണ് വടകര എത്തിയത്.
പൂർണ എക്സ്പ്രസ് ഒന്നര മണിക്കൂറിലേറെ മാഹിയിൽ പിടിച്ചിട്ടു. 11.15ന് കോഴിക്കോട് എത്തേണ്ടിയിരുന്ന അന്ത്യോദയ എക്സ്പ്രസ് 12.37നാണ് എത്തിയത്. മംഗള ലക്ഷദ്വീപ് എക്സ്പ്രസ് അരമണിക്കൂർ വൈകിയാണ് വടകരിലെത്തിയത്. ഒരുമണിക്കൂർ വൈകിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് കണ്ണൂരിൽ ഓട്ടം അവസാനിപ്പിച്ചത്. കണ്ണൂർ ജനശതാബ്ദിയും ഒരുമണിക്കൂർ വൈകിയോടി. ലോക്കൽ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി.
രാത്രിയിൽ ബസുകൾ കുറവായതിനാൽ ട്രെയിനിൽ കയറിയ ഹൃസ്വദൂരയാത്രക്കാരും കുടുങ്ങി. മണിക്കൂറുകൾ യാത്രക്കാരെ പെരുവഴിയിലാക്കിയുള്ള ട്രാക്ക് നവീകരണത്തിൽ പ്രതിഷേധമുണ്ട്. അവധി കഴിഞ്ഞ് മടങ്ങുന്നവരടക്കം നിരവധി പേരാണ് വൈകിയോടലിൽ വലഞ്ഞത്. കണ്ണൂരിലും തലശ്ശേരിയിലുമെത്തി നാട്ടിലേക്കുള്ള ബസ് പിടിക്കാനാവാതെ യാത്രക്കാർ ദുരിതത്തിലായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.