ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് ഏഴിൽ ഷിജു-രജിത ദമ്പതികളുടെ വീടിന് സമീപത്തെ ഷെഡ് കാട്ടാന തകർത്ത നിലയിൽ
ആറളം: ആറളം ഫാം പുനരധിവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന വീടിന് സമീപത്തെ ഷെഡ് തകർത്തു. ബ്ലോക്ക് ഏഴിൽ ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് ഷിജു, രജിത ദമ്പതികളുടെ വീടിനോട് ചേർന്ന ഷെഡ് ആന തകർത്തത്. ബ്ലോക്ക് ഏഴിൽ ഭഗവതി റോഡിന് സമീപമാണ് സംഭവം. ആന ഷെഡ് തകർക്കുമ്പോൾ ഷിജുവും രാജിതയും വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.
ഇന്നലെയും ബ്ലോക്ക് ഏഴിലെ രണ്ട് വീടുകളുടെ ഷെഡ് ആന തകർത്തിരുന്നു. വീടിനോട് ചേർന്ന് വിറകുൾപ്പെടെ അത്യാവശ്യ സാധങ്ങൾ സൂക്ഷിക്കുന്നതിനായി നിർമിക്കുന്ന ഷെഡാണ് ആന തകർത്തത്. ഇതോടെ പുനരധിവാസ മേഖലയെ താമസക്കാർക്ക് രാത്രി ഉറങ്ങാൻ കൂടി കഴിയാത്ത സാഹചര്യമാണ്.
ആന ഉൾപ്പെടെയുള്ള വന്യമൃഗ ഭീതി നിലനിൽക്കുമ്പോഴും പുനരധിവാസ മേഖലയിൽ കുടിൽകെട്ടി കഴിയുന്നവർ നിരവധിയാണ്. വന്യമൃഗ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പുനരധിവാസ മേഖലയിൽ വീണ്ടും വലിയ അപകടങ്ങൾ സംഭവിച്ചേക്കാം. അല്ലാത്തപക്ഷം കുടിലുകളിൽ കഴിയുന്നവരെ മേഖലയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലേക്ക് പുനരധിവസിപ്പിക്കുകയോ ക്യാമ്പുകൾ തുറക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.