കാസർകോട്: സൗരോർജം കാലാവസ്ഥ മാറ്റത്തിന് എതിരായ പോരാട്ടം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാസർകോട് സൗരോർജ പാർക്കിെൻറ ഭാഗമായി പൈവളിഗെ കൊമ്മൻഗളയിലെ 250 ഏക്കറിൽ സ്ഥാപിച്ച 50 മെഗാവാട്ട് സൗരോർജ വൈദ്യുതി നിലയം ഓൺലൈനായി രാഷ്ട്രത്തിന് സമർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. കാസർകോടിന് ശുദ്ധവും ഹരിതവുമായ ഊർജം സമർപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സൗരോർജ വൈദ്യുതിക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഇന്ത്യയിൽ സൗരോർജ വൈദ്യുതി ഉൽപാദനത്തിൽ 30 ഇരട്ടി വർധന ഉണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ മുഖ്യാതിഥികളായി. കേരളത്തിെൻറ ഊർജ മേഖലയിൽ കഴിഞ്ഞ നാലര വർഷത്തിനിടെ വൻ കുതിച്ചുചാട്ടം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് അമ്പലത്തറയിൽ 50 മെഗാവാട്ട് സൗരോർജ പദ്ധതി 2017ൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോൾ പൈവളിഗെയിൽ 50 മെഗാ വാട്ട് പദ്ധതികൂടി യഥാർഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഊർജ സഹമന്ത്രി ആർ.കെ. സിങ്, കേന്ദ്ര ഗാർഹിക നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി, സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി, എം.സി. കമറുദ്ദീൻ എം.എൽ.എ, ടി.എച്ച്.ഡി.സി ഇന്ത്യ ലിമിറ്റഡ് സി.എം.ഡി ഡി.വി. സിങ്, ആർ.പി.സി.കെ.എൽ സി.ഇ.ഒ അഗസ്റ്റിൻ തോമസ് എന്നിവർ സംബന്ധിച്ചു.
ജില്ലയിൽ പൈവളിഗെ, മീഞ്ച, ചിപ്പാർ വില്ലേജുകളിൽ കെ.എസ്.ഇ.ബി മുഖേന സർക്കാർ നൽകിയ 250 ഏക്കറിൽ കേന്ദ്ര സർക്കാർ നിക്ഷേപിച്ച ഏകദേശം 288 കോടി രൂപയിലാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ടി.എച്ച്.ഡി.സി ഇന്ത്യ ലിമിറ്റഡ് പദ്ധതി യഥാർഥ്യമാക്കിയത്. പദ്ധതിയിൽ 165149 മൾട്ടി ക്രിസ്റ്റലിൻ സൗരോർജ പി.വി മോഡ്യൂളുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
കിലോവാട്ട് അവറിന് 3.10 രൂപക്കാണ് ഈ വൈദ്യുതി കരാർ പ്രകാരം കെ.എസ്.ഇ.ബിക്ക് വിൽക്കുന്നത്. ഇവിടെ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി രണ്ട് 33 കെ.വി. ഫീഡറുകൾ വഴി കുബനൂർ 110 കെ.വി സബ് സ്റ്റേഷനിലെത്തിച്ച് അവിടെ സ്ഥാപിച്ച 25 എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകൾ വഴിയാണ് പ്രസരണം നടത്തുന്നത്. ടാറ്റാ പവർ സോളാറാണ് നിലയം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.