ബദിയടുക്ക: ചെര്‍ക്കള - ജാല്‍സൂര്‍ സംസ്ഥാന പാതക്ക് സമീപം എട്ടേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പൊവ്വൽ കോട്ട സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നു. കോട്ടയുടെ പ്രവേശനകവാടത്തിലും അകത്തും നടപ്പാതകളിലുമൊക്കെ കാട് നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. ഇവിടെ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ മിക്കതും തകരാറിലുമാണ്. ഇവിടെ സന്ദർശിക്കുന്നവർക്കുവേണ്ടി നിർമിച്ച ശുചിമുറികൾ വൃത്തിഹീനമായും വാതിലുകൾ തകർന്നും ഉപയോഗിക്കാൻ കഴിയാത്ത നിലയിലുമാണ്. കോട്ടക്കകത്തെ ഇടിഞ്ഞുപോയ കിണറുകളും മറ്റും അറ്റകുറ്റപ്പണി നടത്തിയെങ്കിലും കോട്ടയുടെ സൗന്ദര്യവത്കരണത്തിന് നടപടിയെടുക്കാത്തതാണ് സഞ്ചാരികൾ ഇവിടെ എത്താൻ മടിക്കുന്നത്.
ആവശ്യത്തിന് ഇരിപ്പിടങ്ങൾ ഇല്ലാത്തതും കൊടും വെയിലും സഞ്ചാരികൾ എത്താത്തതിനുള്ള മറ്റൊരു കാരണമാണ്. ജില്ലയിലെ മറ്റു കോട്ടകളിൽ നിന്ന് വ്യത്യസ്തമാണ് പൊവ്വൽ കോട്ട. ഉരുളൻ കല്ലുകൊണ്ട് നിർമിച്ച ജില്ലയിലെ ഒരേയൊരു കോട്ടയാണിത്.
2017ൽ ഒന്നര കോടിയോളം രൂപ ചെലവഴിച്ച് കോട്ട നവീകരിച്ചതായിരുന്നു. ഇതിന്റെ ഭാഗമായി 160 തണൽമരങ്ങൾ നട്ടുപിടിപ്പിച്ചെങ്കിലും ഇതൊന്നും കാണാനില്ലെന്ന് മാത്രമല്ല, കോട്ടയെ ഇപ്പോൾ അധികൃതർ കൈയൊഴിഞ്ഞ മട്ടുമാണ്. ആവശ്യമായ സൗകര്യങ്ങളൊരുക്കിയാൽ ഈ ചരിത്ര നിർമിതി വിസ്മൃതിയിലാഴുന്നത് തടയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.