ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ കോട്ടകണി കുറിപ്പിനടുക്കയിൽ വാടക വീട്ടിൽ താമസിക്കുന്ന ഭിന്നശേഷിക്കാരിയായ തസ്നിയക്ക് ഇപ്പോഴും കിടപ്പാടമായില്ല. ഇടതുകാലിന് ശേഷിയില്ലാതെ ജീവിതം തള്ളിനീക്കുന്ന തസ്നിയ (35) സർക്കാറിന്റെ ലൈഫ് ഭവനത്തിന് കാത്തുനിൽക്കുകയാണ്. ഇത്തരക്കാർക്ക് പ്രത്യേക പരിഗണന നൽകാൻ ചട്ടമുണ്ടെങ്കിലും ഇതുവരെ കനിഞ്ഞില്ല.
രണ്ടുവയസ്സുള്ളപ്പോഴാണ് പോളിയോ ബാധിച്ച് കാലിന്റെ ശേഷി ഇല്ലാതായത്. വിവാഹിതയാണ്. ഭർത്താവ് മുഹമ്മദ് റഫീഖ് ഓട്ടോ ഓടിച്ചാണ് ജീവിതം നീക്കുന്നത്. ഏഴും, അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. കിടപ്പാടത്തിനായി തസ്നിയ സർക്കാറിന്റെ ലൈഫ്ഭവൻ പദ്ധതിയിൽ 2020ൽ അപേക്ഷ നൽകിയെങ്കിലും ജനറൽ വിഭാഗത്തിന് മുൻഗണ പ്രകാരം ഇല്ലെന്ന കാരണം പറഞ്ഞത് അപേക്ഷ നിരസിക്കുകയായിരുന്നു.
കലക്ടർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. നവകേരള സദസ്സിലും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ജില്ല പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് പ്രകാരം നൽകിയ നാലുചക്ര സ്കൂട്ടറിലാണ് ഇവർ യാത്ര ചെയ്യുന്നത്.
‘കാലിന് ശേഷി ഇല്ലെങ്കിലും സ്വന്തമായി പറ്റുന്ന തൊഴിലെടുത്ത് ജീവിക്കാനുള്ള കരുത്ത് എനിക്കുണ്ട് എന്നാൽ സ്വന്തമായ വീടിന് സർക്കാറിന്റെ പ്രതീക്ഷ മാത്രമാണുള്ളത്.’ തസ്നിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.