കാഞ്ഞങ്ങാട്: 'ഒരാളെയും ഉപദ്രവിക്കാൻ എന്നെ ഏട്ടൻ പഠിപ്പിച്ചിട്ടില്ല, മറ്റുള്ളവരെ അതിരില്ലാതെ സ്നേഹിക്കാനും നെഞ്ചോടു ചേർത്തുവെക്കാനും പഠിപ്പിച്ചു. രക്തംദാനം ചെയ്യാനും ഏട്ടൻ ഇടക്കിടെ പറയാറുണ്ട്'. കല്ലോട്ട് കൊലപാതകത്തിൽ മരിച്ച കൃപേഷിെൻറ സഹോദരി കൃഷ്ണപ്രിയയുടെ വാക്കുകളാണിത്.
ഏട്ടൻ ജീവിച്ചിരിക്കുന്ന സമയത്ത് രക്തദാന ക്യാമ്പുകൾക്കൊക്കെ കൊണ്ടുപോകാറുണ്ടായിരുന്നു. രക്തം നൽകാൻ ആദ്യം വലിയ ഭയമായിരുന്നു. ഏട്ടനാണ് അത് മാറ്റിയെടുത്തതെന്ന് കൃഷ്ണപ്രിയ ഓർത്തെടുക്കുന്നു. കല്യോട്ടെ രക്തസാക്ഷി കൃപേഷിെൻറ 21ാം ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രക്തദാനം ചെയ്‌തു. കൃപേഷിെൻറ സഹോദരി കൃഷ്ണപ്രിയ രക്തദാനത്തിന് തുടക്കം കുറിച്ചു.
2019 ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ് ശരത്ലാലും തലക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
ഭീതിദമായ രീതിയിൽ കൊറോണ കൂടിവരുന്നതും രോഗികൾക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരുന്ന സാഹചര്യത്തിലുമാണ് യൂത്ത് കോൺഗ്രസ് ഈയൊരു ഉദ്യമം ഏറ്റെടുത്തത്. രക്തദാന ക്യാമ്പിന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ബി.പി. പ്രദീപ് കുമാർ, ജില്ല ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയ, മണ്ഡലം പ്രസിഡന്‍റുമാരായ സന്ദീപ് ചീമേനി, രാജേഷ് തച്ചത്ത്, രദീപ് കാനങ്കര, ദീപു കല്യോട്ട്, അഖിൽ പൂഴിക്കാല, നവനീത് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.