കാഞ്ഞങ്ങാട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ഹോസ്ദുർഗ് കൈറ്റ് ബീച്ച് അറ്റകുറ്റപ്പണി പൂർത്തിയാകാതെ തുറക്കാനാവില്ലെന്ന് കരാറുകാരൻ പറയുമ്പോഴും ഇവിടെ സദ്യവട്ടവും പരിപാടികളും തകൃതി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് വാടകയിനത്തിൽ ഇതിനോടകം ലക്ഷക്കണക്കിന് രൂപ ലഭിക്കാത്ത സാഹചര്യത്തിൽ അടച്ചിട്ട ബീച്ചിൽ ഇടക്കിടെ പരിപാടികൾ നടത്തുന്നുവെന്നാണ് വിമർശനം. കഴിഞ്ഞ ഞായറാഴ്ചയും ഇവിടെ പരിപാടി നടന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങാണ് വൈകീട്ട് നാലുമുതൽ ഇവിടെ നടന്നത്. ഭക്ഷണവും വിളമ്പിയിരുന്നു.
കാലവർഷം രൂക്ഷമായതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ടായപ്പോഴായിരുന്നു ബീച്ച് അടച്ചിടാൻ ബന്ധപ്പെട്ട ടൂറിസം വകുപ്പ് കരാറുകാരനോട് ആവശ്യപ്പെട്ടത്. ശേഷം ബീച്ചിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനുണ്ടെന്ന കാരണം പറഞ്ഞ് പാർക്ക് തുറക്കുന്നത് നീട്ടിക്കൊണ്ട് പോയി.
ബീച്ച് നവംബർ ഒന്ന് മുതൽ പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് കരാറുകാരന് നോട്ടീസ് നൽകിയിരുന്നു. ഇവിടത്തെ ഹോട്ടലിലും ശുചിമുറിയിലും അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ തുറക്കാനാവില്ലെന്നായിരുന്നു നോട്ടീസിന് ഡി.ടി.പി.സിക്ക് കരാറുകാരൻ വാക്കാൽ മറുപടി നൽകിയത്. കൈറ്റ് ബീച്ച് നടത്തിപ്പുകാർ അടച്ചിട്ട കാലത്തെ വാടക സംബന്ധിച്ച് ഡി.ടി.പി.സി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും സെക്രട്ടറി പറഞ്ഞിരുന്നു. അടച്ചിട്ട കാലത്തെ വാടക നൽകാൻ കരാറുകാൻ തയാറാകില്ലെന്നിരിക്കെയാണ് കൈറ്റ് ബീച്ചിൽ ഡി.ടി.പി.സി അറിയാതെ പണം വാങ്ങി പരിപാടികൾ നടക്കുന്നതെന്നാണ് ആക്ഷേപം. മുമ്പ് ഒരു സ്വകാര്യ സ്ഥാപനം ഇവിടെ പരിപാടി നടത്തിയതിൽ ഡി.ടി.പി.സി ഇടപെടുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡി.ടി.പി.സിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.