കാഞ്ഞങ്ങാട്: പ്രവര്‍ത്തനംതുടങ്ങി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും അവഗണനയില്‍ വീർപ്പുമുട്ടുകയാണ് മടിക്കൈ കാഞ്ഞിരപ്പൊയിലിലെ ഐ.എച്ച്.ആർ.ഡി മോഡല്‍ കോളജ്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ എല്ലാസംസ്ഥാനങ്ങളിലും മോഡല്‍ കോളജുകള്‍ അനുവദിക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച കോളജുകളിലൊന്നാണ് ഇത്. 2010ലാണ് തുടങ്ങിയത്. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യസ്ഥാപനങ്ങളൊന്നുമില്ലാതെ പൊതുമേഖലയെമാത്രം ആശ്രയിക്കുന്ന പഞ്ചായത്തിന് സര്‍ക്കാറിന്റെ പാരിതോഷികമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഈ കോളജിനെ വിശേഷിപ്പിച്ചിരുന്നു.
എന്നാല്‍, 12 വര്‍ഷത്തിനിപ്പുറവും ആവശ്യത്തിന് കെട്ടിടങ്ങളോ സൗകര്യങ്ങളോ അധ്യാപകരോ ഇല്ലാതെ മോഡല്‍ കോളജ് അവഗണനയിലാണ്. ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സ് കുട്ടികളുടെ കുറവുമൂലം ഈ വര്‍ഷം മുതല്‍ അവസാനിപ്പിച്ചു. ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് നേരത്തെ നിര്‍ത്തിയിരുന്നു. ബി.എ ഇംഗ്ലീഷ് വിത്ത് ജേണലിസം, ബി.കോം, എം.കോം കോഴ്സുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. പ്രിന്‍സിപ്പലും അധ്യാപകരും ഓഫിസ് ജീവനക്കാരുമെല്ലാം താൽകാലിക ജീവനക്കാരാണ്. ഒരു തസ്തികയിലും സ്ഥിരനിയമനം നടന്നിട്ടില്ല. ഇത്രയൊക്കെയായിട്ടും സര്‍വകലാശാല പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
തുടക്കത്തില്‍ മടിക്കൈ സെക്കന്‍ഡ് ഗവ.വി.എച്ച്.എസ് സ്കൂളിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കോളജിന് പിന്നീട് ഒന്നരക്കോടി രൂപ ചെലവില്‍ കാഞ്ഞിരപ്പൊയിലില്‍ ഒറ്റനില കെട്ടിടം നിര്‍മിച്ചുനൽകിയതു മാത്രമാണ് ആകെയുണ്ടായ വികസനം. അക്കാലത്തുതന്നെ സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തികസഹായമായി ഏഴുകോടി രൂപ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.
എയ്ഡഡ് സ്ഥാപനമായതിനാല്‍ ഫണ്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സമുണ്ടെന്നായിരുന്നു വിശദീകരണം. എന്നാല്‍ 2010ല്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയ പിണറായിയിലെ ഐ.എച്ച്ആര്‍.ഡി കോളജിന്റെ തുടര്‍വികസനത്തിനായി കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 22.8 കോടി രൂപ അനുവദിച്ചിരുന്നു.
ബെള്ളൂര്‍ പഞ്ചായത്തിലെ ബജെയില് സ്വകാര്യമേഖലയില്‍ അനുവദിച്ച ജില്ലയിലെ രണ്ടാമത്തെ മോഡല്‍ കോളജിനുപോലും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും സഹായം കിട്ടിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ മേഖലയെക്കാള്‍ കുറഞ്ഞ ഫീസ് മാത്രം ഈടാക്കുന്ന ഐ.എച്ച്. ആര്.ഡി കോളജില്‍ കൂടുതല്‍ കോഴ്സുകളും സൗകര്യങ്ങളും അധ്യാപകരുമുണ്ടെങ്കില് മികച്ചനിലയില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാകും. അതിനുള്ള താൽപര്യം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നുമാത്രം. കോളജ് ബസ് സൗകര്യം ഇപ്പോള്‍ തന്നെയുണ്ട്. കാഞ്ഞിരപ്പൊയിലില്‍ സ്ഥലസൗകര്യത്തിനും കുറവില്ല.
തൊട്ടടുത്തുതന്നെ പത്തേക്കര്‍ റവന്യൂഭൂമി ലഭിക്കാനുണ്ട്. അധികൃതര്‍ താൽപര്യപ്പെട്ടാല് ഗ്രാമീണ അന്തരീക്ഷത്തില്‍ മികച്ച ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി ഇവിടം വളര്‍ത്തിയെടുക്കാനാകുമെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.