കുമ്പള: മൊഗ്രാലിൽ തെരുവുനായ് ശല്യം തുടർക്കഥയാവുന്നു. മൊഗ്രാൽ കോട്ടയിൽ നായ്ക്കൂട്ടം ആടിനെ കടിച്ചുകൊന്നു. മറ്റൊരു ആടിനെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും മൂന്ന് മാസത്തിനിടെ മുപ്പതോളം വളർത്തുമൃഗങ്ങളെയാണ് കൂട് തകർത്തും കൂട്ടിൽ കയറിയും പറമ്പിൽ നിന്നുമായി തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന പ്രവർത്തകർ കലക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് പരാതി അയച്ചിരുന്നു. ഈ പരാതികളിൽ നടപടിയില്ലാത്തത് മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാവുകയാണ്.
കോട്ട ഭാഗത്ത് വീട്ടുമുറ്റത്തും പറമ്പിലും കുട്ടികൾക്ക് കളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കുമ്പളയിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ടൗണും, സ്കൂൾ റോഡും നായ്ക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. വളരെ ഭീതിയോടെയാണ് നൂറുകണക്കിന് കുട്ടികൾ സ്കൂളിലേക്ക് നടന്നു പോകുന്നത്. ചില സമയങ്ങളിൽ കൂട്ടത്തോടെ ടൗണിലെത്തുന്ന നായ്ക്കൂട്ടം ഇരുചക്ര വാഹന യാത്രക്കാർക്കും മറ്റും ഭീഷണി ഉയർത്തുന്നുണ്ട്. പരാതി കിട്ടിയാൽ അടിയന്തര നടപടിയെന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.