കുമ്പള: കടൽഭിത്തി നിർമാണത്തിനായി വീണ്ടും മൊഗ്രാൽ തീരദേശത്ത് ചെറുകല്ലുകളിറക്കി. തീരമേഖലയിലെ കടലാക്രമണം ചെറുക്കാൻ ശാസ്ത്രീയവും ശാശ്വതവുമായ പദ്ധതികൾ വേണമെന്ന് നാട്ടുകാർ. കടൽഭിത്തി എന്നപേരിൽ ചെറിയ കരിങ്കല്ലുകൾ പാകി കെട്ടിപ്പൊക്കിയ ഭിത്തികൾക്ക് ഒരുവർഷംപോലും ആയുസ്സുണ്ടാവാറില്ല. ഇങ്ങനെ ഖജനാവിൽനിന്ന് വർഷാവർഷം കോടികളാണ് കല്ലിട്ട് കടലിലേക്കൊഴുക്കുന്നത്.
കടൽക്ഷോഭംമൂലം ഏറെ ദുരിതം നേരിട്ട മൊഗ്രാൽ തീരമേഖലയിൽ ഇതുവരെ നിർമിച്ച കടൽഭിത്തികളൊക്കെ കടൽ വിഴുങ്ങിയിട്ടും പിന്നെയും പഴയപടി ഭിത്തിനിർമാണം തന്നെയാണ് പദ്ധതിയെന്നാണ് നാട്ടുകാരുടെ ആരോപണം. മൊഗ്രാൽ, കുമ്പള, ഉപ്പള തീരദേശ മേഖലകളിൽ വർഷാവർഷം കടലാക്രമണം ജനങ്ങളുടെ ജീവനും വീടിനും സ്വത്തുക്കൾക്കും ഭീഷണി സൃഷ്ടിക്കുന്ന അവസ്ഥയാണുള്ളത്. കടലാക്രമണ പ്രദേശങ്ങൾ റവന്യൂ അധികൃതരും ജനപ്രതിനിധികളും സന്ദർശിച്ച് മടങ്ങുന്നതല്ലാതെ ശാസ്ത്രീയമായ പരിഹാര പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ലെന്ന് തീരദേശവാസികൾ പറയുന്നു.
കടലാക്രമണം നേരിടാൻ വലിയ പദ്ധതികൾ നടപ്പിലാക്കും എന്ന് പറയുന്ന സർക്കാർ, മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിക്കുകയും തീരമേഖലയിൽനിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെടുകയും മാത്രമാണ് ചെയ്യുന്നത്. പദ്ധതികളൊക്കെ പ്രഖ്യാപനത്തിലൊതുങ്ങുന്നുവെന്നാണ് പരാതി. കഴിഞ്ഞ വർഷം ഉപ്പള മുസോടി മുതൽ മൊഗ്രാൽ കൊപ്പളം വരെ ഉണ്ടായ കടലാക്രമണത്തിൽ നിരവധി വീടുകൾ നഷ്ടപ്പെടുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മീറ്ററുകളോളം സ്ഥലങ്ങളും തെങ്ങുകളും കടലെടുക്കുകയും ചെയ്തിരുന്നു. ഈ വർഷവും കടൽഭിത്തിനിർമാണത്തിന് അധികൃതർ കല്ലുകൾ കൊണ്ടിട്ടുവെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നിർമാണം തുടങ്ങിയിട്ടില്ല.
തീരദേശത്തെ വർഷാവർഷമുള്ള കടലാക്രമണത്തെ ചെറുക്കുന്നതിന് ശാശ്വതപരിഹാരം വേണമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് മൊഗ്രാൽ കൊപ്പളം വാർഡ് അംഗം കൗലത്ത് ബീവി ആവശ്യപ്പെട്ടു. നിലവിലുണ്ടാക്കുന്ന സംവിധാനങ്ങളെല്ലാം താൽക്കാലികവും ഒറ്റവർഷം കൊണ്ട് കടലെടുത്ത് നശിച്ചുപോകുന്നതുമാണെന്ന് അവർ പറഞ്ഞു.
കടലാക്രമണത്തെ ചെറുക്കാൻ കെൽപുള്ള കടൽഭിത്തി മാത്രമാണ് കടലാക്രമണ ദുരിതത്തിന് പരിഹാരമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് മുൻ അംഗം എം.എ. മൂസ പറഞ്ഞു. ദീർഘവീക്ഷണത്തോടെ ശാസ്ത്രീയമായ നിർമാണം നടന്നാൽ മാത്രമേ അത് സാധ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.