ആലുവ: ജില്ല ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ ദുരിതംപേറി യുവാവ്. കുട്ടമശ്ശേരി സ്വദേശി അക്സർ സുലൈമാനാണ് ഒടിഞ്ഞ കൈയുമായി അസ്ഥിരോഗ വിദഗ്ധനെ കാണാൻ ആശുപത്രി കയറിയിറങ്ങുന്നത്. ഈ മാസം 14 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അക്സറിെൻറ കൈ ഒടിഞ്ഞത്. അന്നുതന്നെ ജില്ല ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. ഒടിഞ്ഞ കൈ അനങ്ങാതിരിക്കാൻ കഴുത്തിൽ വള്ളിയിട്ട് തൂക്കിയിട്ടശേഷം അക്സറിനെ എക്സ്റേ എടുക്കാൻ വിട്ടു. ചിലപ്പോൾ സ്കാൻ ചെയ്യേണ്ടി വരുമെന്നും പറഞ്ഞിരുന്നു. എക്സ്റേ എടുത്തശേഷം അക്സർ എത്തിയപ്പോഴേക്കും ഡോക്ടർ പോയിരുന്നു.
തൊട്ടടുത്ത രണ്ട് ദിവസം അവധിയായിരുന്നതിനാൽ ഡോക്ടറെ കാണാനായില്ല. തിങ്കളാഴ്ച ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ അവധിയിലായിരുന്നു. അടുത്ത ദിവസം ഉണ്ടാകുമെന്നാണ് ആശുപത്രി ജീവനക്കാർ അറിയിച്ചതെന്ന് അക്സർ പറയുന്നു. ഇതുപ്രകാരം ചൊവ്വാഴ്ച എത്തിയപ്പോഴും ഡോക്ടർ ഇല്ല. ഇനി എന്നാണ് ഡോക്ടർ ഉണ്ടാവുകയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി അധികൃതർ നൽകുന്നില്ലെന്ന് അക്സർ ആരോപിച്ചു.
കെണ്ടയ്ൻമെൻറ് പ്രശ്നങ്ങൾമൂലം പണിക്ക് പോയിട്ട് നാളുകളായി. അതിനാൽതന്നെ സ്വകാര്യ ആശുപത്രിയിൽ പോകാൻ പണമില്ലെന്നും അക്സർ പറയുന്നു. ജില്ല ആശുപത്രിയെന്ന പേരുണ്ടെങ്കിലും താലൂക്ക് ആശുപത്രിയിലുണ്ടാകേണ്ട ഡോക്ടർമാർപോലും ഇവിടെയില്ല. പല തവണ ജില്ല പഞ്ചായത്ത് അധികൃതർ അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും ആവശ്യമുള്ള ഡോക്ടർമാരുടെ തസ്തിക അനുവദിക്കാൻ സർക്കാർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.