ആലുവ: പെരിയാറിൽനിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറാതിരിക്കാൻ തോട്ടിൽ സ്ലൂയിസ് ഗേറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലസേചന, റവന്യൂ മന്ത്രിമാർക്കും ഭീമ ഹരജി നൽകി.കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം വെസ്റ്റ്, ആലുവ നഗരസഭ അതിർത്തി, ആലുവ ഈസ്റ്റ്, എടയപ്പുറം നോർത്ത് ഭാഗങ്ങൾ ചേരുന്ന മേഖലയിലെ 150 ഓളം കുടുംബങ്ങളാണ് പരാതിക്കാർ.
തോട്ടുമുഖം തുരുത്തിതോടിെൻറ സമീപത്ത് താമസിക്കുന്നവരാണ് വെള്ളപ്പൊക്ക ദുരിതം പതിവായി അനുഭവിക്കുന്നത്. മഴക്കാലമായാൽ ഒന്നര കിലോമീറ്റർ നീളമുള്ള തോട് ഈ പ്രദേശത്തുകാരുടെ പേടിസ്വപ്നമാണ്. മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നതനുസരിച്ച് ശക്തമായ ഒഴുക്കോടെ തോട്ടിലേക്ക് വെള്ളം കയറുകയാണ് പതിവ്.
തോട്ടിലൂടെ അതിവേഗം ഒഴുകുന്ന ജലം എടയപ്പുറം വടക്കുഭാഗത്ത് തരിശായി കിടക്കുന്ന പാടശേഖരത്തിൽ എത്തും. ഇവിടെ ഉയർന്ന പ്രദേശമായതിനാൽ ഒഴുകിപ്പോകാൻ വഴിയില്ലാതെ സമീപത്തെ വീടുകളിൽ കയറുകയാണ് പതിവ്. ഇത് പതിവ് ദുരിതമാണ്. മഴക്കാലമായാൽ പലർക്കും പലപ്പോഴും വീട് ഒഴിഞ്ഞ് പോകേണ്ടിവരാറുണ്ട്. വീട്ടുപകരണങ്ങൾക്ക് കേടുപാട് വരുന്നതും പതിവാണ്.
വർഷകാലത്ത് പെരിയാറിൽനിന്നും അമിതമായി തോട്ടിലേക്ക് കയറാതിരിക്കലാണ് ഇതിനുള്ള പ്രതിവിധി. വെള്ളം ഒഴുകുന്നത് തടയുവാൻ തോട് ആരംഭിക്കുന്ന ഭാഗത്ത് സ്ലൂയിസ് ഗേറ്റ് നിർമിച്ചാൽ പ്രശ്നം ഒഴിവാകും. ഇത് ഉടനടി നിർമിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.പെരിയാറിൽനിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നതിനൊപ്പം കരപ്രദേശങ്ങളിൽ നിന്നുള്ള മഴവെള്ളം തോട്ടിലൂടെ പെരിയാറിലേക്ക് ശാസ്ത്രീയമായി ഒഴുക്കിക്കളയാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.